baby
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ അവതരിപ്പിക്കുന്നു.

കാസർകോട്: നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ആകെ 490 പദ്ധതികളിൽ 286 എണ്ണം പുതിയ പദ്ധതികളാണ്. ജില്ലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലെ അപര്യാപ്തത പരിഹരിക്കാനും ഭിന്നശേഷി സൗഹൃദ ജില്ലയാക്കാനും ഉൾപ്പെടെ ബൃഹത് പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്.

ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പത്ത് ലക്ഷം രൂപ ചെലവിൽ ചക്ക കൺസോർഷ്യത്തിന് രൂപം നൽകും. ഒപ്പം പത്ത് ലക്ഷം രൂപ ചെലവിൽ നേന്ത്രക്കായ മൂല്യവർദ്ധിത ഉത്പാദന സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കും. പഴം, പച്ചക്കറി സംസ്‌കരണത്തിന് ശീതീകരണ സംവിധാനം ഒരുക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പദ്ധതി നിർദ്ദേശങ്ങൾ നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്. മായ, സർക്കാർ നോമിനി സി. രാമചന്ദ്രൻ, അംഗങ്ങളായ ഷാനവാസ് പാദൂർ, വി.വി രമേശൻ, കെ.പി വത്സലൻ, ജോമോൻ ജോസ്, സി.ജെ സജിത്ത്, കെ. ശകുന്തള തുടങ്ങിയവർ പങ്കെടുത്തു.