
ഭീമനടി (കാസർകോട്): മാലോം ചുള്ളി വനമേഖലയിൽ ഉരുൾപൊട്ടിയതോടെ ചാലിൽ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് ഭീമനടിക്ക് സമീപത്തെ കൂരാംകുണ്ടിലെ റിട്ടയേഡ് കൃഷി ഓഫീസർ രവീന്ദ്രന്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ ലത(57)യുടെ ജീവൻ കവർന്നത്. ഉരുൾപൊട്ടിയതിനെ തുടർന്ന് പ്ലാച്ചിക്കര വനമേഖലയിലെ ചാലിലൂടെ മണ്ണും വെള്ളം കുത്തിയൊഴുകി എത്തിയത് ഇവരുടെ താമസിക്കുന്ന കൂരാംകുണ്ട് ചാലിലേക്കായിരുന്നു.
മലവെള്ളത്തിന്റെ കുത്തൊഴുക്കിനിടെ വീടിന്റെ പിൻവശത്തുകൂടി പുറത്തിറങ്ങിയ ഇവർ ചാലിൽ അബദ്ധത്തിൽ വീഴുകയാണെന്ന് കരുതുന്നു. രാവിലെ പുറത്തിറങ്ങി വീട്ടിനുളിലെ മാലിന്യങ്ങൾ ചാലിൽ തള്ളിയിരുന്നു. അല്പം കഴിഞ്ഞു ചായ കുടിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി ഇലമുറിക്കുന്നതിന് പുറത്തിറങ്ങിയപ്പോൾ പെടുന്നനെ വെള്ളം കയറിയതാണ് അപകടകാരണമെന്ന് കരുതുന്നു. രവീന്ദ്രനും മകനും വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു വെള്ളം കയറിയത്.
സാധാരണ ദിവസങ്ങളിൽ ഈ പ്രദേശത്തുള്ളവർ വസ്ത്രം അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന ചാലിൽ അപ്രതീക്ഷിതമായിരുന്നു വെള്ളം പൊങ്ങിയത് . വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ നിർമ്മിച്ച പ്ലാച്ചിക്കര ചെക്ക് ഡാമിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളം സ്വദേശിനിയായ ലത കൃഷി ഓഫീസറായ രവീന്ദ്രനുമായുള്ള വിവാഹത്തിന് ശേഷമാണ് കൂരാംകുണ്ടിൽ താമസമാക്കിയത്. പതിമൂന്നു വർഷത്തോളം ചെമ്മനാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായിരുന്നു ലത. രവീന്ദ്രൻ റിട്ടയർ ആയതിന് ശേഷം രണ്ടു വർഷം മുമ്പാണ് കൂരാംകുണ്ട് ചാലിന് സമീപം പുതിയ വീട് വച്ചത്. പരപ്പ, ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് മേയ് മാസത്തിലാണ് ഇവർ വിരമിച്ചത്. താജ് കൃഷ്ണനാണ് ഏകമകൻ.
വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിൽ കൊണ്ടുവന്നു പൊതുദർശനത്തിന് വച്ചു. ആറു മണിയോടെ അവുള്ളക്കോട് തറവാട് വീട്ടുവളപ്പിൽ സംസ്‌ക്കാരം നടന്നു.