karikatta

കണ്ണൂർ: കൊവിഡിൽ അടച്ചുപൂട്ടിയ നാടക സമിതിയെ അരങ്ങിലേക്ക് തിരിച്ചെത്തിക്കാൻ കലാകാരൻമാർ വീടുവീടാന്തരം കയറി ആക്രി പെറുക്കി വിറ്റപ്പോൾ കിട്ടിയത് ഒരു ലക്ഷത്തോളം രൂപ. ഇനി അവർക്ക് നാടകം കളിക്കാം. റിഹേഴ്സൽ തുടങ്ങിക്കഴിഞ്ഞു. പഴയങ്ങാടി നെരുവമ്പ്രം ജോളി ആർട്‌സിലെ പ്രവർത്തകരാണ് ധനസമാഹരണത്തിന് സ്വന്തം വഴി കണ്ടെത്തിയത്.

ഐ.ടി പ്രൊഫഷണൽ മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ 100ഓളം പേരാണ്

ചെറുതാഴം പഞ്ചായത്തിലെ 500 ഓളം വീടുകളിൽ കയറിയിറങ്ങി പഴയ കടലാസും തുരുമ്പെടുത്ത ഇരുചക്രവാഹനങ്ങളും കുപ്പിയും ബക്കറ്റും ശേഖരിച്ചത്.

1985 മുതൽ പ്രവർത്തിക്കുന്ന ജോളി ആർട്സ് നാടകസംഘം, കൊവിഡ് വന്നതോടെയാണ് അരങ്ങ് വിട്ടത്.

ദുരഭിമാനക്കൊലയും ജാതീയതയും വിഷയമാക്കിയ 'കരിക്കട്ട' എന്ന നാടകമാണ് അരങ്ങിലെത്തിക്കുക.

സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് ഷിനിൽ വടകര സംവിധാനം ചെയ്ത നാടകമാണിത്.

വടക്കെ മലബാറിലെ പ്രശസ്തമായ വിഷ്ണുമൂർത്തി പോലുള്ള തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. കലയും ശബ്ദവും വാക്കുമെല്ലാം കുറ്റകരമാക്കുന്ന കാലത്തോടു പ്രതികരിക്കാനാണ് ഈ നാടകത്തിലൂടെ ശ്രമിക്കുന്നത്.

നേരത്തെ സ്വാതന്ത്ര്യസമര സേനാനി മൊയാരത്ത് ശങ്കരന്റെ ജീവിതം ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത നാടകം ഏറെ ശ്രദ്ധേയമായിരുന്നു.

'പാട്ട പെറുക്കിയും നാടകം കളിക്കാം. നല്ല പ്രതികരണമാണ് ആക്രി ചലഞ്ചിനോട് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്".

- എം. ബിജു, പ്രസിഡന്റ്, ജോളി ആർട്സ്