
കർക്കിടകം കണ്ണൂരിന് സമ്മാനിച്ചത് പ്രകൃതി ദുരന്തങ്ങളുടെ കണ്ണീരോർമ്മകളാണ്. രണ്ടരവയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്നുപേരുടെ ജീവനാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതി ക്ഷോഭത്തിൽ നിമിഷനേരം കൊണ്ട് പൊലിഞ്ഞത്. നെടുംപൊയിൽ ചുരത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളുടെ താഴ്ഭാഗങ്ങളിൽ ഉരുൾപൊട്ടി. കനത്ത മഴയിൽ വൻ പാറക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കുകയായിരുന്നു.
എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് നമ്മളെന്ന് ഈ ദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നു. ലോകത്താകമാനം കാലാവസ്ഥ മാറിമറിയുകയാണ്. അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസംഘടന രൂപീകരിച്ച ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ്‌ചേഞ്ച് (ഐ.പി.സി.സി) പുറത്തിറക്കിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മിന്നൽപ്രളയം, അപ്രതീക്ഷിത പേമാരി, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, കാട്ടുതീ, കടൽക്കയറ്റം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലും പിടിമുറുക്കുകയാണ്. ആഗോളതലത്തിലാകെ ആശങ്ക പടർത്തിയിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം വടക്കൻ കേരളത്തെയും ബാധിച്ചെന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം പൊടുന്നനെയുണ്ടായ അതിതീവ്ര മഴയിൽ കണ്ണൂരിന്റെ മലയോരത്ത് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി.
ഉരുൾപ്പൊട്ടലുകളുടെയും, മലയിടിച്ചിലുകളുടെയും പരമ്പര തന്നെയുണ്ടായ മലഞ്ചെരിവുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമായതെന്ന് ഭരണകൂടവും സമ്മതിച്ചിരുന്നു. ദുരന്തം നടക്കുന്ന ദിവസം പോലും പാറതുരക്കലും പൊട്ടിക്കലും നിർബാധം നടന്നിരുന്നു.
ക്വാറികളുടെ പ്രകമ്പനത്തിൽ വിണ്ടുകീറിയ മലകളിലാണ് 15 ലേറെ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായത്. കണ്ണവം വനത്തിൽ നിന്നും വലിയ ഉരുൾപൊട്ടിയാണ് നിടുംപൊയിൽ ചുരം റോഡിൽ ഗതാഗത തടസമുണ്ടായതും റോഡ് തകർന്നതും. ഇവിടെ ക്വാറിക്കുള്ളിലെ തടാകസമാനമായ വെള്ളക്കെട്ട് ജലബോംബാണെന്നും ഇത് പൊട്ടിയാൽ താഴ്ന്ന പ്രദേശങ്ങൾ ജലസ്ഫോടനമുണ്ടാകുമെന്നും പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയതാണ്. അതു ഏതോ അൽപ്പന്റെ ജൽപ്പന്നമായാണ് ഭരണകൂടം വ്യാഖ്യാനിച്ചിരുന്നത്.
വെള്ളറയിൽ മണാലി ചന്ദ്രൻ, അരുവിക്കൽ രാജേഷ് എന്നിവരുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലുകളുണ്ടായത് 27ാം മൈൽ ക്വാറിയിൽ നിന്നും ഒരു കിലാേമീറ്റർ പരിധിക്കുള്ളിലാണ്. കൂടാതെ ഇതേ ക്വാറിയിൽ തന്നെ മാലിന്യങ്ങളും മണ്ണും നിക്ഷേപിച്ച വലിയ കുഴി കുളംപോലെ രൂപപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കണ്ണവം വനത്തിന്റെ നിടുംപൊയിൽ സെക്‌ഷൻ വനത്തിൽ നിന്നും ഒഴുകി വരുന്ന തോട് ക്വാറി പ്രദേശത്ത് കോൺക്രീറ്റ് കുഴലിലൂടെയാണ് പുറത്തേക്കൊഴുകുന്നത്. ഉരുൾപ്പൊട്ടി പാറകളും മരങ്ങളും വന്ന് കുഴലുകൾ അടഞ്ഞ് കൂടുതൽ പ്രദേശങ്ങളിലൂടെ ഉരുളൊഴുകി നഷ്ടമുണ്ടായതായും പ്രദേശവാസികൾ ആരോപിക്കുന്നു.
24ാം മൈലിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപമാണ് ഉരുൾപ്പൊട്ടലുണ്ടായ ചെക്യേരി കോളനി. ഈ ക്വാറി പ്രവർത്തിക്കുന്ന മലയുടെ മറുവശത്തു നിന്നും ഉരുൾപ്പൊട്ടിയൊഴുകിയാണ് നെടുംപുറംചാൽ മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെയാണ് രണ്ടരവയസുകാരി നുമ തെസ്മിന്റെ ജീവൻ പൊലിഞ്ഞത്.
നേരത്തെ തന്നെ ഈ ക്വാറികൾക്കെതിരെ പ്രദേശവാസികൾ മുഖ്യമന്ത്രിയ്‌ക്കും പഞ്ചായത്തിലുമടക്കം പരാതികൾ നൽകിയിരുന്നു. ക്വാറിയിൽ വെടിപൊട്ടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ വീടുകൾക്ക് വിള്ളലുണ്ടാകുന്നു, മുകൾഭാഗത്തു നിന്നും വശങ്ങളിൽനിന്നും മണ്ണ് തുരന്നെടുത്ത ശേഷം അതിനകത്തെ പാറ പൊട്ടിച്ചെടുക്കുമ്പോൾ രൂപപ്പെടുന്ന ഗർത്തങ്ങളാണ് പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള മരണവാതിലുകളായി മാറുന്നത്. മഴ കനത്തു പെയ്യുമ്പോൾ ഇത്തരം ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞ് പ്രളയമായി രൂപാന്തരപ്പെടുന്നതാണ് ഇവിടെ കണ്ടത്.
ഇതിനു പുറമേ ക്വാറിയിൽ നിന്നും മലിനജലം തോട്ടിലൊഴുക്കുന്നു. ഇവയെല്ലാം പരിഹാരം തേടിപ്പോയി ചുവപ്പ് നാടയിൽ കുരുങ്ങിയ പരാതികളാണ്. വ്യാഴാഴ്‌ച ഉരുൾപൊട്ടൽ മേഖലയിലെത്തിയ മന്ത്രി എം.വി.ഗോവിന്ദന്റെ മുന്നിലും നാട്ടുകാർ ക്വാറിക്കെതിരെയുള്ള പരാതികളുടെ കെട്ടഴിച്ചു. ഇതേത്തുടർന്നാണ് പ്രദേശത്തെ ക്വാറികളുടെ പ്രവർത്തനം നിറുത്തിവയ്‌ക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. നാടിന് ഭീഷണിയായ ക്വാറികൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും, ക്വാറിയിലെ ജലബോംബ് താഴ്‌വാരത്തെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ,സർക്കാരും, ജില്ലാ ഭരണകൂടവും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാർ പ്രതിരോധ മതിൽ തീർക്കുമെന്നും പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു.
പതിവില്ലാത്ത ദുരിതങ്ങൾ
പ്രളയം പോലുള്ള കെടുതികൾ തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും വ്യാപകമാകുമ്പോൾ വടക്കൻ ജില്ലകളിലെ കണ്ണൂരും കാസർകോടും പൊതുവേ ശാന്തമായ നിലയിലായിരുന്നു. മുൻ പ്രളയങ്ങൾ മറ്റു ജില്ലകളിൽ കനത്ത ആഘാതമേൽപ്പിച്ചപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ രണ്ട് ജില്ലകളും. നഷ്ടം താരതമ്യേന കുറവായിരുന്നു.
ക്വാറികളെ നിയന്ത്രിക്കാനും നിലയ്ക്ക് നിറുത്താനുമുള്ള സംവിധാനങ്ങളാണ് ഇവിടെ വരേണ്ടത്. അനുമതിയില്ലാത്ത ക്വാറികളാണ് ഏറെയും. മലനിരകൾക്ക് താഴെ മിക്കവാറും മേഖലകൾ ഇവിടെ ജനവാസ കേന്ദ്രങ്ങളാണ്. ഇവിടെ മണ്ണിനെ താങ്ങിനിറുത്തുന്ന മരങ്ങളും മറ്റും നേരത്തെ തന്നെ വെട്ടിമാറ്റിയിരുന്നു. പടർന്നു പന്തലിച്ച് ഭൂമിക്ക് കുടയൊരുക്കിയ കാടുകൾ പലതും മൊട്ടക്കുന്നുകളായി. മണ്ണിലെ അതിലോല പ്രദേശങ്ങളെ താങ്ങിനിറുത്തുന്ന വലിയ മരങ്ങളുടെ വേരുകളും പിഴുതെറിയപ്പെട്ടു. മലനിരകളുടെ ഇടയിൽ രൂപപ്പെട്ട സുഷിരങ്ങളിലൂടെ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയ വെള്ളം മുഴുവൻ മലവെള്ളപ്പാച്ചിലായി പാഞ്ഞെത്തി മനുഷ്യജീവനെടുക്കുന്നു. ഇതോടെ താഴ്‌വാരത്തെ ജനവാസ കേന്ദ്രത്തെ അപ്പാടെ ദുരന്തം വിഴുങ്ങുന്നു. അങ്ങനെയാണ് നിരവധി പേർക്ക് കിടപ്പാടവും കൃഷിയും നഷ്ടമായത്.
മലകളുടെ സ്വഭാവത്തെയും സന്തുലിതാവസ്ഥയെയും കീഴ്മേൽ മറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കണ്ണൂരിന്റെ മലയോരത്ത് ശക്തമാണ്. ജനം പ്രളയം മറക്കും, ചട്ടം ലംഘിക്കും, പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാലെന്ത് എന്ന ചോദ്യമാണ് പലപ്പോഴും ഇവരിൽ നിന്നുണ്ടാകുക. എന്നാൽ പരിസ്ഥിതിയെ വെല്ലുവിളിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അൽപ്പായുസ് മാത്രമാണെന്ന് തിരിച്ചറിയാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരും?