പയ്യന്നൂർ: ടൗണിലെ രണ്ട് സ്ഥാപനങ്ങളിൽ വൻ കവർച്ച. പഴയ ബസ് സ്റ്റാൻഡിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് വ്യാഴാഴ്ച രാത്രി കവർച്ച നടന്നത്. സൂപ്പർമാർക്കറ്റിലെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപ കവർന്നു. സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.

കവ്വായി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറന്ന് ഉടമയും ജീവനക്കാരും അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

പെരുമ്പയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചിറ്റാരികൊവ്വൽ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോയിൽ നിന്ന് ഡിജിറ്റൽ കാമറ, ലെൻസ്, ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കവർച്ച ചെയ്തതായാണ് മറ്റൊരു പരാതി. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. രാത്രിയിലെ കനത്ത മഴയ്ക്കിടെയാണ് കവർച്ച.

വിവരമറിഞ്ഞ് പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ. നായരും എസ്.ഐ പി. വിജേഷും സ്ഥലത്തെത്തി പരിശോധിച്ചു. ഉടമകളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം പുഞ്ചക്കാട്ടെ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് നിർമ്മാണ പ്രവൃത്തികൾക്കുള്ള യന്ത്രങ്ങളും ടൂൾസും മറ്റുമാണ് മോഷണം പോയത്. ഈ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.