കണ്ണൂർ: ജില്ലയിലെ പന്നിപ്പനി പ്രതിരോധ ദൗത്യസംഘത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. രോഗം സ്ഥിരീകരിച്ച ക​ണി​ച്ചാ​ർ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലെ ഫാമിലെ പന്നികളേയും അടുത്തായുള്ള മറ്റൊരു ഫാമിലെ പന്നികളെയും ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു. ജില്ലയിൽ ആകെ 247 പന്നികളെയാണ് ദയാവധം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ പ്രവർത്തന നിയമ പ്രകാരം രണ്ടു ഫാമിലെ കർഷകർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവുകൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. കൊല്ലുന്ന പന്നികളുടെ ഭാര നിർണയം നടത്തി അവയുടെ ഇറച്ചി മൂല്യത്തിനനുസിച്ച്
നഷ്ടപരിഹാരം നൽകുന്നതിന് നിശ്ചിതമായ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം ജില്ലയിലെ രണ്ടു ഫാമുകളിലെ കർഷകർക്ക് 15 ലക്ഷം രൂപയോളം നഷ്ടപരിഹാരത്തുകയായി നൽകും. പന്നിപ്പനി ബാധിച്ച രണ്ടാമത്തെ ഫാമിലെ അണു നശീകരണ പ്രവർത്തനങ്ങളും പൂർത്തിയായതോടെ മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപതംഗ ദ്രുത കർമ്മ സേന കണിച്ചാർ പഞ്ചായത്തിലെ ബേസ് ക്യാമ്പിൽ നിന്നും പിൻവാങ്ങി.

നിരീക്ഷണം തുടരും

ഇനിയുള്ള മൂന്നു മാസക്കാലം 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവയലൻസ് സോണിൽ മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂരിലുള്ള പ്രാദേശിക രോഗനിർണയ ലബോറട്ടറിയുടെ നേതൃത്വത്തിൽ നിരീക്ഷണ പഠനങ്ങൾ നടത്തുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു എന്നിവർ അറിയിച്ചു.