കാസർകോട്: കാട്ടാന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ആന മതിൽ പദ്ധതിയുടെ ഒന്നാംഘട്ടം പ്രവർത്തന ക്ഷമമാകുന്നു. നിലവിൽ പൂർത്തിയായ രണ്ടര കിലോമീറ്റർ സൗരോർജ്ജ വേലി ചാർജിംഗ് തിങ്കളാഴ്ച രാവിലെ 11ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർവഹിക്കും. ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാന മുതൽ ഒളിയക്കൊച്ചി വരെയുള്ള രണ്ടര കിലോമീറ്റർ വേലിയാണ് പ്രവർത്തനക്ഷമമാക്കുന്നത്.

തുടർന്ന് ആഗസ്റ്റ് 15 ഓടുകൂടി ബാക്കി ഉള്ള നാലു കിലോമീറ്റർ കൂടി പൂർത്തീകരിക്കുമെന്നും അതോടുകൂടി നിലവിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഡി.എഫ്.ഒ പി.ബിജു എന്നിവർ അറിയിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ വനംവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന മാതൃകാ പദ്ധതിയാണിത്.

29 കി.മീ സൗരോർജ്ജവേലി ലക്ഷ്യം

കർണാടകയുമായി അതിർത്തി പങ്കിടുന്ന ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ 29 കി.മീ നീളത്തിലാണ് സൗരോർജ്ജ വേലി നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 8 കി.മീ വേലി നിർമ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനായി 60 ലക്ഷം രൂപ വനംവകുപ്പ് കൈമാറുകയും ചെയ്തു. ബാക്കി 21 കി.മീ നിർമ്മിക്കാനുള്ള തുക ഈ വർഷത്തെ ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും, മുളിയാർ, കാറഡുക്ക, ബേഡഡുക്ക, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതവും നൽകും. ഒപ്പം മാതൃകാ പദ്ധതിയായി കണ്ട് ആസൂത്രണ ബോർഡ് 66 ലക്ഷം രൂപ ബ്ലോക്കിന് കൈമാറിയിട്ടുണ്ട്.