
കണ്ണൂർ: പാവപ്പെട്ട വീട്ടുടമകൾക്ക് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ പേരിൽ സെസ് അടിച്ചേൽപ്പിക്കുമ്പോഴും തൊഴിലാളികൾക്ക് അഞ്ച് മാസത്തെ പെൻഷൻ കുടിശികയാണ്. 1995ന് ശേഷം നിർമ്മിച്ച പത്ത് ലക്ഷവും അതിൽ കൂടുതലും ചെലവിട്ട വീടുകൾക്കാണ് സെസ്. 2010 മുതലുള്ള സെസ് കുടിശിക ലേബർ ഓഫീസ് വഴി പിരിക്കുകയാണ്. അഞ്ച് ലക്ഷം പേർക്ക് നോട്ടീസ് നൽകി.
നിർമ്മാണ സാമഗ്രികളുടെ നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി, ആഡംബര നികുതി, ഒറ്റത്തവണ നികുതി എന്നിവയ്ക്ക് പുറമെയാണ് സെസ്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വൻതുക സെസ് നൽകിയ വീട്ടുടമകളും നിരവധിയുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സെസ് അടയ്‌ക്കണം.
18 വയസായ തൊഴിലാളികൾക്കാണ് ക്ഷേമനിധിയിൽ അംഗത്വം. തൊഴിൽ പരിചയവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആനുകൂല്യത്തിന് മാത്രമായി അംഗത്വം എടുത്തവരുമുണ്ട്.
റവന്യൂ റിക്കവറിയും
കുടിശിക നോട്ടീസ് ലഭിച്ചവർ ജില്ലാ ലേബർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കുടിശിക ഗഡുക്കളായി അടയ്‌ക്കാം. ആദ്യ കെട്ടിട നികുതി രസീതിന് പുറമെ ബിൽഡിംഗ് പെർമിറ്റ്, കംപ്ളീഷൻ സർട്ടിഫിക്കറ്റ്, വൺടൈം റവന്യൂ ടാക്സ് രസീത് എന്നിവയും ഹാജരാക്കണം. നോട്ടീസ് കിട്ടിയിട്ടും മറുപടി നൽകാത്തവർക്കെതിരെ റവന്യൂ റിക്കവറി തുടങ്ങിയിട്ടുണ്ട്. പിഴപ്പലിശയും മറ്റും ഒഴിവാക്കി തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ സെസ് കെട്ടിട ഉടമകൾക്ക് ബാദ്ധ്യതയാകില്ലെന്നാണ് അധികൃതരുടെ വാദം.
ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ - 20 ലക്ഷം
പെൻഷൻ വാങ്ങുന്നവർ - 3 ലക്ഷം
പെൻഷൻ മാസം - 1600 രൂപ
പെൻഷന് ഒരു മാസം വേണ്ടത്- 48 കോടി
സെസ് പിരിക്കാനുള്ളത് - 500 കോടി
ക്ഷേമനിധി ആനുകൂല്യങ്ങൾ
സാധാരണ മരണം-50,000 രൂപ
ജോലിക്കിടെ മരണം - 4 ലക്ഷം
വിവാഹ ധനസഹായം-10,000 രൂപ
'വരവിനെക്കാൾ ചെലവ് കൂടുതലായതിനാൽ ബോർഡിന് പ്രതിസന്ധിയാണ്. പെൻഷൻ ഓണത്തിനു മുമ്പ് കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ്".
- വി.ശശികുമാർ, ചെയർമാൻ, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്
'തൊഴിലാളികളുടെ ക്ഷേമത്തിനാണ് സെസ്. കെട്ടിട ഉടമകളെ ബുദ്ധിമുട്ടിക്കാനല്ല".
- ടി.ശശി, ജില്ലാ സെക്രട്ടറി, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( സി. ഐ.ടി.യു)