കണ്ണൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപന തടയാൻ നഗരത്തിലെ കടകളിൽ മിന്നൽ പരിശോധന. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സെൻട്രൽ മാർക്കറ്റിലെ 30 കടകളിലാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. മാർക്കറ്റിലെ ആറ് കടകളിൽ നിന്ന് 14 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ആറ് കടകൾക്കും നോട്ടീസ് നൽകി. ആദ്യഘട്ടത്തിൽ പിഴ 10,000 രൂപയാണ് കടകൾ നൽകേണ്ടത്. ആവർത്തിച്ചാൽ 25,000 വീണ്ടും ആവർത്തിച്ചാൽ 50,000 രൂപയും കടയുടെ ലൈസൻസും റദ്ദാക്കും. ചെറുകിട വ്യാപാരികളെ മാത്രം പരിശോധനയുടെ പേരിൽ ദ്റോഹിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും ചില വ്യാപാരികളുമായി വാക്കുതർക്കവും ഉണ്ടായി. പാതയോരങ്ങൾ കൈയേറിയുള്ള കച്ചവടം കാരണം പൊതുജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കാത്ത അവസ്ഥ നഗരത്തിലുണ്ടെന്ന് പരാതി ലഭിച്ചതിലും ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടകളിൽ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മിന്നൽ പരിശോധന നടത്തിയത്.
ചെറുകിട കച്ചവടക്കാരെ മാത്രം പരിശോധന നടത്തി ഉപദ്റവിക്കുന്നുവെന്നാണ് കച്ചവടക്കാരുടെ പരാതി. വരും ദിവസങ്ങളിൽ നഗരത്തിന്റെ പലഭാഗങ്ങളിലും സമാനമായ പരിശോധന ഉണ്ടാവുമെന്നും വ്യാപാരികൾക്ക് നേരത്തെ താക്കീത് നൽകിയതിനാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രേംരാജ് പറഞ്ഞു. പരിശോധനക്ക് മലിനീകരണ നിയന്ത്റണ ബോർഡ് അസി. എൻജിനീയർ ബി. രാജേഷ്, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. പ്രേമരാജൻ, ജെ.എച്ച്.ഐ കെ. ഉദയകുമാർ, എസ്.രാധിക നേതൃത്വം നൽകി.