malavika
ബ്ളാസ്റ്റേഴ്സ് വനിതാടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാളവിക

ബങ്കളം:മടിക്കൈ പഞ്ചായത്തിലെ ബങ്കളം ഗ്രാമത്തിന് ഇത് അഭിമാന മുഹൂർത്തം. ഇവിടെ പന്തുതട്ടി വളർന്ന ആറു മിടുക്കികളാണ് ലോക ഫുട്ബാളിൽ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നായ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിൽ ഇടംപിടിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് വനിതാഫുട്ബാൾ ടീം രൂപീകരിക്കുന്നത്.

കഴിഞ്ഞ ഇരുപതു ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്നുവരുന്ന കോച്ചിംഗ് ക്യാമ്പിൽ കോച്ച് ഷെരീഫ് ഖാന്റെ കീഴിൽ പരിശീലനം നേടുകയാണ് വനിതാ താരങ്ങളിപ്പോൾ. ഇരുപത്തിയെട്ട് വനിതാ താരങ്ങളെയാണ് ക്യാമ്പിലേക്ക് സെലക്ട് ചെയ്തിട്ടുള്ളത്. ബങ്കളത്തെ പരേതനായ പ്രസാദിന്റെയും മിനിയുടെയും മകളും ഇന്ത്യൻ വനിതാ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പംഗവുമായിരുന്ന പി മാളവിക, ഷാജുവിന്റെയും ശാലിനിയുടെയും മകളും ഇന്ത്യൻ ഫുട്‌ബാൾ താരവുമായ ആര്യശ്രീ, പരേതനായ രവീന്ദ്രന്റെയും രജനിയുടേയും മകളും യൂണിവേഴ്സിറ്റി, കേരള താരവുമായ പി.അശ്വതി, രാജൻ -ശ്രീലേഖ ദമ്പതികളുടെ മകൾ വി.വി ആരതി, മുൻ ഫുട്‌ബാൾ താരം മണിയുടെയും നളിനിയുടെയും മകൾ അഞ്ജിത മണി, കൃഷ്ണൻ-ദേവകി ദമ്പതികളുടെ മകൾ കൃഷ്ണപ്രീയ എന്നിവർക്കാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയാനുള്ള ഭാഗ്യം സിദ്ധിച്ചത്.

വനിതാ താരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ആര്യശ്രീയും മാളവികയുമാണ് ബ്ലാസ്റ്റേഴ്സുമായി ആദ്യമായി കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് ബന്ധപ്പെട്ടത്. പിന്നാലെ അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിച്ചിരുന്ന അഞ്ജിത മണി, കൃഷ്ണപ്രിയ എന്നിവരെയും പിന്നാലെ തിരഞ്ഞെടുത്തു. ഫുട്‌ബാൾ കോച്ചും കാഞ്ഞങ്ങാട് സബ് കളക്ടർ ഓഫീസ് ക്ലർക്കുമായ നിധീഷ് ബങ്കളവും ബങ്കളം ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാദ്ധ്യാപിക പ്രീതി മോളും പരിശീലനം നൽകിയ താരങ്ങളാണ് ബ്ളാസ്റ്റേഴ്സ് നിരയിലേക്ക് അഭിമാനത്തോടെ കടന്നുവരുന്നത്. പത്തു വർഷമായി നടത്തിവരുന്ന ഇവരുടെ ബങ്കളം വുമൺസ് ക്ളീനിക്കിൽ നിന്ന് പരിശീലനം നേടിയാണ് ഈ താരങ്ങൾ പടവുകൾ ചവുട്ടി കയറിയത്. തങ്ങളെ മികച്ച താരങ്ങളായി മാറ്റിയെടുക്കുന്നതിൽ കോച്ച് നിധീഷ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് താരങ്ങൾ പറയുന്നു. കേരള വനിതാലീഗും ഐ.എസ്.എൽ വനിതാ മത്സരവും വരുന്നതിന് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്സ് വനിതാ ടീം രൂപീകരിച്ചത്.

ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ നേടിയ താരമാണ് ആര്യശ്രീ. കൊവിഡ് കാരണം മാറ്റിയില്ലെങ്കിൽ മാളവിക ലോകകപ്പ് ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യതാരമായേനെ. മറ്റു താരങ്ങളും ഒന്നിനൊന്ന് കഴിവ് തെളിയിച്ചവരാണ്. ഇതിന് മുമ്പൊന്നും ലഭിക്കാത്ത ഭാഗ്യമാണ് ഈ താരങ്ങൾക്കും ബങ്കളം ഗ്രാമത്തിനും ലഭിച്ചിരിക്കുന്നത്.

നിധീഷ് ബങ്കളം( ബങ്കളം വുമൺ ഫുട്‌ബോൾ ക്ളീനിക്ക്)