
അഴീക്കോട് :മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.അഴീക്കൽ ഫെറി, ബോട്ട് പാലം, വളപട്ടണം, കുമ്മായക്കടവ്, ഭഗത്‌സിംഗ് അയലന്റ്, പാറക്കൽ, പാപ്പിനിശ്ശേരി വെസ്റ്റ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ബോട്ടു ടെർമിനലുകൾ നിർമ്മിക്കുന്നത്. വളപട്ടണം, ബോട്ട്പാലം എന്നിവിടങ്ങളിലെ നിർമ്മാണം 95 ശതമാനവും പൂർത്തിയായി.
പെയിന്റിംഗ്, സോളാർ വിളക്കുകൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ സജീകരിക്കൽ, ഗ്രാനൈറ്റ് പതിക്കൽ എന്നിവയാണ് ഇവിടെ ബാക്കിയുള്ളത്. നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവിൽ 75 ശതമാനം പ്രവൃത്തി പൂർത്തിയായി. മേൽക്കൂര നിർമ്മാണമാണ് ഇനി ബാക്കി. എൺപതു ശതമാനം പൂർത്തിയായ പാറക്കലിൽ മരപ്പണി ബാക്കിയുണ്ട്. ഇത് സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കും. അഴീക്കൽ ഫെറിയിലെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ബോട്ട് ടെർമിനലുകളുടെ നിർവ്വഹണ ചുമതല ടൂറിസം വകുപ്പ് ഉൾനാടൻ ജലഗതാഗത വകുപ്പാണ് നൽകിയിട്ടുള്ളത്.
ചിറക്കൽ സഹകരണ ബാങ്ക് ഹാളിൽ കെ.വി.സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.നടന്ന യോഗത്തിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാർ, വപട്ടണം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ടി മുഹമ്മദ് ഷഹീർ, ടൂറിസം വകുപ്പ് ഡി ഡി കെ എസ് ഷൈൻ, ഡി .ടി. പി. സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ടൂറിസം എ.ടി. ഐ. ഒ കെ.സി.ശ്രീനിവാസൻ, ഉൾനാടൻ ജല ഗതാഗത ഉപവിഭാഗം അസി. എക്‌സി.എൻജിനീയർ സിന്ധു തൈവളപ്പിൽ, കെൽ സൈറ്റ് എൻജിനീയർ വി.ഒ.റിഷിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ഉണ്ട് അനുബന്ധപദ്ധതികളും
ഇതോടൊപ്പം അനുബന്ധ ടൂറിസം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സർക്കാർ ഏജൻസിയായ കെൽ ആണ് ടൂറിസം പദ്ധതി പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വളപട്ടണത്ത് മിനി ഫ്‌ലോട്ടിംഗ് മാർക്കറ്റ് നിർമ്മിക്കും. നടപ്പാതകൾ, കഫറ്റീരിയ, പാർക്കിംഗ് യാഡുകൾ, ബയോ ടോയിലറ്റുകൾ, പൂന്തോട്ടം, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ എന്നിവയും ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.