പയ്യന്നൂർ: ചെറുപുഴ - കാനംവയൽ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിച്ചിട്ടുണ്ടെന്നും എന്നാൽ കൊവിഡിന്റെ സമയത്ത് നിർത്തലാക്കിയ പല സർവ്വീസുകളും പുനരാരംഭിക്കുവാൻ സാധിച്ചിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി സർവീസ് നടത്താൻ തയ്യാറാണെന്നും ഇവർ യോഗത്തെ അറിയിച്ചു.
കരാറുകാരന് കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് വടവന്തൂർ പാലം പണി പുനരാരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുന്നത് പാലത്തിന്റെ പൂർത്തീകരണത്തിൽ വേഗത കൈവരിക്കാൻ സഹായകമാകുമെന്ന് ബ്രിഡ്ജസ് വിഭാഗം അസി.എൻജിനീയർ പറഞ്ഞു.
പൊലീസ് മൈതാനിയിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. കോടതിയിൽ തീർപ്പാവാതെയുള്ള കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ തളിപ്പറമ്പ് ഡംബിംഗ് യാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി അനധികൃത പാർക്കിംഗ് നടത്തുന്ന വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കിവരുന്നതായും കൂടുതൽ പൊലീസിനെ നഗരത്തിൽ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു. പയ്യന്നൂർ ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥയിൽ യോഗത്തിലെത്തിയവർ ആശങ്ക അറിയിച്ചു. മഴ അവസാനിച്ചാൽ ഉടൻ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി ഉറപ്പു നൽകി. പയ്യന്നൂർ പൊലീസ് മൈതാനത്തിന് ജവഹർലാൽ നെഹ്റുവിന്റെ പേര് നല്കണമെന്ന് എം.പി.യുടെ പ്രതിനിധി കെ. ജയരാജൻ ആവശ്യപ്പെട്ടു. കവർച്ചക്കാരുടെ ശല്യം കൂടി വരുന്നതായും നടപടി സ്വീകരിക്കണമെന്നും എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു. താഹസിൽദാർ എം.കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.
മുമ്പോട്ടുള്ള ചുവടുകൾ
സി.എൻ.ജി. പമ്പിന്റെ നിർമ്മാണം പുരോഗമിക്കുന്നു
പുതിയങ്ങാടി പുലിമുട്ട് ടെണ്ടർ നടപടി ആയി
റീസർവേ അദാലത്തിൽ 6490 ഓളം അപേക്ഷകൾ
710 എണ്ണം തീർപ്പാക്കാൻ സാധിച്ചു
വികസന സമിതി മാസം ആദ്യത്തെ ശനിയാഴ്ച