ചെറുവത്തൂർ: നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തി.ക്ലായിക്കോട് ശ്രീ മേലേരിപ്പ് വീരഭദ്രക്ഷേത്ര പരിസരത്താണ് ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്ര വശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയത്. തറയിൽ ഉറപ്പിച്ച ശിവലിംഗവും പരിസരത്തു തന്നെയായി ചില നിർമ്മാണ അവശിഷ്ടങ്ങളുമാണ് ഇവിടെ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ അരക്കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്തെ കാട് വെട്ടിതളിക്കുന്നതിനിടയിലാണ് ശിവലിംഗവും ക്ഷേത്ര അവശിഷ്ടങ്ങളും കണ്ടെത്തിയത്.
ഇങ്ങനെ ഒരു ക്ഷേത്രം ഇവിടെ ഉണ്ടെന്ന് പഴമക്കാർ പറഞ്ഞു കേട്ടതല്ലാതെ ഈ ക്ഷേത്രത്തെ കുറിച്ച് ആർക്കും തന്നെ വലിയ അറിവൊന്നുമില്ലായിരുന്നു.നിറയെ കാട് നിറഞ്ഞു കിടന്നതിനാൽ അധികം ആരും ഈ ഭാഗത്തേക്ക് പോകാറുമില്ല. ക്ഷേത്രത്തിന്റെ അവശിഷ്ടവും ശിവലിംഗവും കണ്ടെത്തിയതിൽ നിന്ന് അത്രയേറെ പൗരാണികവും അന്നത്തെ ആളുകൾ വളരെ ഏറെ ആരാധിച്ചിരുന്നൊരു ക്ഷേത്രം ഇവിടെ ഉണ്ടെന്നാണ് നിഗമനം. ചെറൂട്ട താഴെ മേലെയിരിപ്പ് ക്ഷേത്രവുമായി ബന്ധപ്പെ പട്ടമാണ് ഈ ദേവസ്ഥാനമെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ആരുടെ പക്കലുമില്ലെന്നാണ് പ്രാഥമിക വിവരം.ഏകദേശം മൂന്നു തലമുറയോളമായി ഈ ഭാഗം കാടുമൂടി കിടക്കുന്ന പ്രദേശമാണ്. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പരിസരത്ത് ഖനനം ചെയ്താൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നാണ് നിഗമനം.
,