
പിണറായി : പിണറായി വെസ്റ്റ് വയലിൽ സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തു മണി മുതൽ നടത്തുന്ന മഴ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ ഇല്ലാത്ത ദിവസം ശ്രമദാനമായി മഴമഹോത്സവം നടത്തുന്ന വയലിലെ കളകൾ മുഴുവൻ പിഴുതെടുത്ത് വൃത്തിയാക്കി.
ക്രൈം ബ്രാഞ്ച് എസ്.പി.പ്രജീഷ് തോട്ടത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഫുട്‌ബാൾ താരം സി.കെ.വിനീത്, സംസ്ഥാനനാടക അവാർഡ് നേടിയ രജനി മേലൂർ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം സുധ അഴീക്കോടൻ, നാടൻപാട്ട് കലാകാരൻ അഖിൽ ചിത്രൻ, പാരമ്പര്യകർഷകനായ എം.സി.രാഘവൻ എന്നിവർ വിശിഷ്ടാതിഥികളായെത്തും.
കുടുംബശ്രീയിലെയും തൊഴിലുറപ്പ് തൊഴിലാളികളിലെ വനിതകളും അണിനിരക്കുന്ന കമ്പവലി മത്സരം, യുവാക്കളുടെ ടീമുകൾ പങ്കെടുക്കുന്ന ഫുട്‌ബോൾ മത്സരം, കസേരകളി, കുട്ടികൾക്കായി ലമൺ ഇൻ ദ സ്പൂൺ , ബലൂൺ ഫൈറ്റിംഗ് തുടങ്ങിയ മത്സരങ്ങൾ വയലിലെ വെള്ളത്തിൽ അരങ്ങേറും.കെ ശാന്തയും സംഘവും അവതരിപ്പിക്കുന്ന നാട്ടി പാട്ടും അഖിൽ ചിത്രന്റെ നാടൻ പാട്ടും കെ.പി. രാമകൃഷ്ണന്റെ മഴപ്പാട്ടുകളും പരിപാടിക്ക് കൊഴുപ്പേകും.