കണ്ണൂർ: മലയാളസിനിമ ഏറ്റവും വേദനിച്ച മരണങ്ങളിലൊന്ന് ജയന്റെതാണെന്ന് ചലച്ചിത്രനിരൂപകൻ ഭാനുപ്രകാശ് പറഞ്ഞു. ജയൻ സാംസ്‌കാരിക വേദിയും കണ്ണൂർ ഫിലിം സൊസൈറ്റിയും ചലച്ചിത്ര അക്കാഡമി റീജിയണൽ കേന്ദ്രത്തിന്റെ സഹകരണത്തോടെ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച ജയൻമഹോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡ്യൂപ്പില്ലാതെ രംഗങ്ങൾ തനിച്ചുചെയ്യാൻ ധൈര്യം കാണിച്ച നടനാണ് ജയൻ.അദ്ദേഹം മികച്ച നടനല്ലെന്നാണ് പലരും വിമർശനമുന്നയിക്കുന്നത്. എന്നാൽ മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചുവരുമ്പോഴാണ് ജയൻ അപമൃത്യുവിനിരയായതെന്ന് ഓർക്കണമെന്നും ഭാനുപ്രകാശ് പറഞ്ഞു. ജയനെകുറിച്ചു അനുസ്മരിക്കാതെ സോഷ്യൽമീഡിയപോലും ഒരു ദിവസം പോലും കടന്നു പോകുന്നില്ലെന്നും ഭാനു പ്രകാശ്പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാഡമി അംഗംപ്രദീപ് ചൊക്ളി,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ. ടി.സരള, പി.കെ ബൈജു എന്നിവർ പങ്കെടുത്തു. രാജീവൻ കാട്ടമ്പള്ളി സ്വാഗതവും കെ.ജയരാജൻ നന്ദിയും പറഞ്ഞു.