നീലേശ്വരം: കനത്ത മഴയിൽ നെൽക്കൃഷി മുഴുവനും നശിച്ചു. ഈ വർഷത്തെ വേനൽമഴ വിത്തിടലും വൈകിപ്പിച്ചിരുന്നു. 25 ദിവസത്തോളം മഴ മാറിവന്നതോടെ കൃഷി ആരംഭിച്ചു. തുടർന്ന് മഴ കനത്തതോടെ ഞാറ് മുഴുവനും വെള്ളം കെട്ടിനിന്ന് ചീയുകയായിരുന്നു. മിക്ക കർഷകരും ഉമ വിത്താണ് ഉപയോഗിച്ചിരുന്നത്. ഇതിന് മൂപ്പെത്തണമെങ്കിൽ ചുരുങ്ങിയത് 25 ദിവസമെങ്കിലും വേണ്ടിവരുന്നുണ്ട്. 25 ദിവസം തികയുന്നതിന് മുമ്പ് തന്നെ മഴ വന്ന് ഞാറ് വെള്ളത്തിനടിയിലാവുകയായിരുന്നു.
ഞാറ് മുളപ്പിച്ച കർഷകർ പറിച്ച് നടുമ്പോഴേക്കും വെള്ളപ്പൊക്കവും വന്നു. വെള്ളപ്പൊക്കം രണ്ട് ദിവസം തുടർച്ചയായി നിന്നതോടെ ഞാറെല്ലാം വെള്ളത്തിൽ മുങ്ങി ചീഞ്ഞു.
അതുകൊണ്ട് തന്നെ ഈ വർഷവും നെൽകർഷകരുടെ സ്വപ്നം തകർന്നു. ഒരു ഏക്കർ നെൽപ്പാടത്ത് നെൽക്കൃഷിക്കായി 17000 രൂപ ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ഉമ വിത്തിന്റെ വൈക്കോലിനും വില കിട്ടില്ലെന്ന് കർഷകർ പറയുന്നു. അതുപോലെ നേന്ത്രവാഴ കർഷകർക്കും കനത്ത മഴയിൽ നിരാശരാണ്.