മുണ്ടക്കണ്ടം(ചെറുവത്തൂർ): ശക്തമായ കാറ്റിൽ പറന്നുപോയ മേൽക്കൂര പോയതിനെ തുടർന്ന് കുട്ടികളും സ്ത്രീകളുമടക്കമുള്ള ആറംഗകുടുംബം അഭയത്തിനായി സർക്കാരിന് മുന്നിൽ.തൽക്കാലം അയൽവാസിയുടെ കാരുണ്യം തുണയുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായുള്ള വീടിനായി കാത്തിരിക്കുകയാണ് ചെറുവത്തൂർ മുണ്ടക്കണ്ടത്തെ പി.വി ശശിയുടെയും കാട്ടാമ്പള്ളി ശകുന്തളയുടെയും കുടുംബം.
വീട് പുതുക്കി പണിയാനോ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റാനോ കഴിയാതെ ആധിയിൽ കാറ്റിലും മഴയിലും ദിവസങ്ങൾ തള്ളിനീക്കുന്നത്. മേയ് 21 ന് സന്ധ്യക്കാണ് ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വീടിന്റെ മുകൾ ഭാഗം പൂർണ്ണമായും തകർന്നുവീണത്. ഓടും മരവും തെറിച്ചുവീണ് ശശി, മൂത്ത മകൾ ശാന്തിനി, മകൾ സാനിയ എന്നിവർക്ക് പരിക്കേറ്റു. വലിയ ദുരന്തത്തിൽ നിന്നാണ് ഇവരും വരാന്തയിലുണ്ടായിരുന്ന അയൽവാസികളായ പുഷ്പ, ജാനകി, ലളിത, ജയശ്രീ എന്നിവരും രക്ഷപ്പെട്ടത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഒന്നര മാസമായി മഴ കൊണ്ട് വീടിന്റെ ഉൾഭാഗവും ചുമരും വാതിലും ജനലുകളും നശിച്ചു . അഞ്ചു മാസമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് ശശി. ചായ കടയിൽ വല്ലപ്പോഴും ജോലിക്ക് പോയിരുന്ന ശശിക്ക് അസുഖം കാരണം നിലവിൽ അതിനും സാധിക്കുന്നില്ല. ശകുന്തളയ്ക്ക് തൊഴിലുറപ്പിന് പോയി കിട്ടുന്ന വേതനമായിരുന്നു ആകെയുള്ള വരുമാനം. ഭർത്താവിന് സുഖമായതോടെ അതും നിലച്ചു.
മക്കളായ ശാലിനി, ശാരിക, ഭർത്താവ് രതീഷ്, ഇവരുടെ മകൻ ഋഷബ് എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. വീട് തകർന്നതിന് ശേഷം അയൽവാസിയുടെ വീട്ടിലാണ് കഴിയുന്നത്.എന്നാൽ ഈ വീടിന്റെ ചുമരും ഇടയുന്നതിനാൽ താമസം സുരക്ഷിതമല്ലെന്നാണ് കുടുംബം പറയുന്നത്.
അപകടം നടന്നയുടനെ എം. രാജഗോപാലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള, വാർഡ് മെമ്പർ ശ്രീധരൻ, വില്ലേജ് ഓഫീസർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. സി.പി.എം ബ്രാഞ്ച് കമ്മറ്റിയും സന്നദ്ധ സംഘടനകളും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ വീട് പുതുക്കി പണിയുന്നതിന് സർക്കാരിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല.
വീട് തകർന്ന കുടുംബത്തിന്റെ സ്ഥിതി ദയനീയമാണെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. വീട് വച്ച് നൽകാനുള്ള ആലോചനയും പാർട്ടിതലത്തിൽ നടന്നിരുന്നു. സർക്കാർ സഹായം നൽകുന്നതിന് മൂല്യനിർണ്ണയം നടത്തി വരികയാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. സഹായം വേഗത്തിൽ എത്തിക്കും.
-മാധവൻ മണിയറ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )