
പേരാവൂർ: പ്രകൃതിദുരന്തങ്ങൾക്ക് മുന്നിൽ ആരെയും കാത്തുനിൽക്കാതെ രക്ഷാദൗത്യത്തിന് തയ്യാറാണ് പേരാവൂർ തുണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്‌സ് ഇൻഡ്യൂറൻസ് അക്കാഡമിയുടെ ദുരന്തനിവാരണസേന. പേമാരിയും ഉരുൾപൊട്ടലും പ്രളയഭീതിയുമൊക്കെയായി മലയോരം വിറങ്ങലിക്കുമ്പോൾ സഹായഹസ്തവുമായി ഓടിയെത്താൻ സേനയെ തയ്യാറാക്കുന്നത് അക്കാഡമിയുടെ ഡയറക്ടർ എം.സി.കുട്ടിച്ചനാണ്. നൂറുപേരെയാണ് ഇത്തരത്തിൽ അക്കാഡമി തയ്യാറാക്കി നിർത്തിയിരിക്കുന്നത്.
പൂളക്കുറ്റി,നെടുംപുറംചാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനം നടത്തിയതുകൊണ്ടു മാത്രമാണ് കൂടുതൽ ജീവനുകൾ നഷ്ടമാകാതിരുന്നത്. ഫയർഫോഴ്സും എൻ.ഡി.ആർ.എഫും നാട്ടുകാർക്കുമൊപ്പം കുട്ടിച്ചന്റെ ദുരന്തനിവാരണ സേനാംഗങ്ങളും കൈമെയ് മറന്ന് ഇവിടെ പ്രയത്നിച്ചു.
രാത്രിയിൽ ഉരുൾപൊട്ടിയതറിഞ്ഞ് അക്കാഡമിയിൽ പരിശീലനത്തിനെത്തിയ 150 ഓളം കുട്ടികളുമായാണ് കുട്ടിച്ചൻ പിറ്റേന്ന് രാവിലെ ദുരന്തഭൂമിയിലെത്തിയത്. പ്രത്യേകമായി ലഭിച്ച പരിശീനത്തിലൂടെ സൈനീക രീതിയിൽ നടത്തിയ തിരച്ചിലിൽ ഒഴുകിപ്പോയ കുഞ്ഞിന്റെ മൃതദേഹം പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. രാജേഷിന്റെയും ചന്ദ്രന്റെയും മൃതദേഹങ്ങൾ കണ്ടെത്താനും സംഘം പ്രയത്നിച്ചു.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ പാറക്കല്ലുകളും മണ്ണും ചെളിയുമെല്ലാം റോഡിൽ നിന്നും വീട്ടിനുള്ളിലും പരിസരങ്ങളിൽ നിന്നും നീക്കി വാസയോഗ്യമാക്കുന്ന ശ്രമകരമായ പ്രവൃത്തി ഏറ്റെടുക്കാൻ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ തുടർന്നുള്ള ദിവസങ്ങളിലും ദുരന്തമേഖലകളിൽ എത്തിയിരുന്നു.പൊലീസിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടറായി കൂടുതൽ കാലം സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ച കുട്ടിച്ചൻ വിരമിച്ചതിന് ശേഷം 2018 ലാണ് പേരാവൂർ തൊണ്ടിയിൽ അക്കാഡമി തുടങ്ങിയത്. പാവപ്പെട്ട ആയിരം കുട്ടികളെയെങ്കിലും പോലീസ്, മിലിട്ടറി തുടങ്ങിയ സേനയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പരിശീലനം സൗജന്യമാണ് . കൊവിഡ് മൂലം ചെറിയ തടസം വന്നെങ്കിലും 108 കുട്ടികൾ ഇതിനോടകം സർവീസിൽ പ്രവേശിച്ചു കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 300 കുട്ടികളാണ് നിലവിൽ അക്കാഡമിയിൽ പരിശീലനം തുടരുന്നത്.
സേനയിലേക്കുള്ള പ്രവേശനം ഒരു ജോലി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരം കൂടിയാണെന്ന് കുട്ടിച്ചൻ കരുതുന്നു. ഇവിടെയെത്തുന്ന കുട്ടികൾക്കും ഇത്തരത്തിൽ ഒരു പരിശീലനം നൽകുന്നതിനായാണ് ദുരന്തനിവാരണ സേന രൂപീകരിച്ചത്.കഴിഞ്ഞ പ്രളയകാലങ്ങളിലായിരുന്നു ഇവർ സേവനത്തിന് ഇറങ്ങിയത്. അന്ന് അക്കാഡമിയിലെ കുട്ടികൾ കണ്ണൂരിന് പുറമെ വയനാട്ടിലും ചാലക്കുടിയിലുംവരെ സഹായവുമായെത്തി.കാസർകോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ തികച്ചും സൗജന്യ സേവനം ഈ ദുരന്തനിവാരണ സേന നൽകുന്നുണ്ട്. കേരളത്തിലെവിടെയും സേനയുടെ സൗജന്യ സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.