
ജീവനക്കാർ സമരത്തിലേക്ക്
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ ഹാൻവീവിൽ രണ്ട് മാസമായി ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ ദുരിതത്തിലായി. ശമ്പള കുടിശിക വരുമ്പോൾ മാനേജ്മെന്റ് നടത്താറുള്ള ചെപ്പടി വിദ്യ ഫലിക്കില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓണം മേളയടക്കം തുടങ്ങാനിരിക്കെയാണ് സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
കൊവിഡിന് മുമ്പേ സ്ഥാപനത്തിൽ പ്രതിസന്ധി രൂക്ഷമായിരുന്നു.എന്നാൽ ഓണത്തിന് പോലും ശമ്പളം കൊടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് മാനേജ്മെന്റ്. പത്തുകോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ യൂനിഫോം വിതരണം ചെയ്ത ഇനത്തിൽ രണ്ട് കോടിയോളം നെയ്ത്ത് കൂലിയും വിതരണ കൂലിയും ഉൾപ്പടെ അഞ്ച് കോടി രൂപ സർക്കാർ ഹാൻവീവിന് നൽകാനുമുണ്ട്.
2016ൽ തടഞ്ഞ് വെച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കത്തതിലും തൊഴിലാളികൾക്ക് അമർഷമുണ്ട്. കൂടാതെ മുടങ്ങി കിടക്കുന്ന ഡി.എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നും യൂണിയനുകളുടെ ആവശ്യത്തിൽപെടുന്നു. അതേ സമയം വൈവിദ്ധ്യവത്കരണം വഴി പിടിച്ചുനിൽക്കാനുള്ള മാനേജ്മെന്റിന്റെ പരിശ്രമത്തിന് തൊഴിലാളികളുടെ നിസ്സഹകരണം തടസമാകുമോയെന്ന ആശങ്കയുമുണ്ട്.
ഷോറൂമുകൾ- 36
ജീവനക്കാർ- 2180
ശമ്പളത്തിന് ഒരു മാസം- 2 കോടി
കൂലി ലഭിച്ചാൽ പിടിച്ചുനിൽക്കാം
തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ 28 ലക്ഷം മീറ്റർ യൂണിഫോമാണ് ഹാൻവീവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. സർക്കാറിൽ നിന്നുള്ള നെയ്ത്ത്, വിതരണ കൂലികൾ ലഭിച്ചാൽ ഒരുപരിധി വരെ പ്രതിസന്ധിക്ക് പരിഹാരമാകും. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത നിമിത്തം 80 ഷോറൂമുകളിൽ പകുതിയും പൂട്ടിപോയിരുന്നു. കൂടാതെ ഹാൻവീവ് ആദ്യകാലത്ത് തുടങ്ങിയത് പയ്യാമ്പലത്തെ പഴയ ബ്രിട്ടീഷ് കളക്‌റേറ്റായിരുന്ന സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഈ കെട്ടിടവും കോടികൾ വിലമതിക്കുന്ന 30 സെന്റ് സ്ഥലവും പുരാവസ്തു മ്യൂസിയം നിർമ്മിക്കാനായി പുരാവസ്തു വകുപ്പിന് മുമ്പ് സൗജന്യമായി കൈമാറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെട്ടിടവും സ്ഥലം സൗജന്യമായി നൽകിയതിനെതിരെ അന്ന് തൊഴിലാളികൾക്കിടയിൽ കടുത്ത എതിർപ്പുയർന്നിരുന്നു.
സർക്കാർ സഹായം കിട്ടിയാൽ മാത്രമെ ഓണം കഴിയുള്ളൂ. പ്രതിസന്ധി പരിഹരിക്കാൻ അനുകൂലമായ സമീപനം സർക്കാരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
ടി.കെ. ഗോവിന്ദൻ, ചെയർമാൻ , ഹാൻവീവ്
ഹാൻവീവിനെ സഹായിക്കാൻ സർക്കാരും വ്യവസായ വകുപ്പും മുന്നോട്ട് വരുന്നില്ല. സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ മാനേജ്മെന്റും തയ്യാറാകുന്നില്ല. സ്വാഭാവികമായ തകർച്ചയിലേക്കാണ് ഹാൻവീവ് നീങ്ങുന്നത്.
വി. ആർ. പ്രതാപൻ , ജനറൽ സെക്രട്ടറി, ഹാൻവീവ് സ്റ്റാഫ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ