
കണ്ണൂർ :വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കും കിഫ്ബിയെ തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്‌പോസ്റ്റോഫീസിലേക്ക് 10 ന് മാർച്ച് നടത്തും. രാവിലെ 9.30ന് കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും.
അരിയും, ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി കടുത്ത ജനദ്രോഹമാണെന്ന് എൽ.ഡി. എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആചരിക്കുമ്പോൾ ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് നൽകുന്ന സമ്മാനമാണ് ഭക്ഷ്യനികുതി. ഇന്ധനവില പ്രതിദിനം ഉയർത്തി 26 ലക്ഷം കോടി രൂപയാണ് ജനങ്ങളെ കൊള്ളയടിച്ച് ഉണ്ടാക്കിയത്. വിലനിർണ്ണയ അവകാശം സ്വകാര്യ ഇന്ധനകമ്പനികൾക്ക് നൽകിയത് കോൺഗ്രസ്സാണ്. ഇത് ബി.ജെ.പിക്ക് വഴികാട്ടിയാണെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എൽ.ഡി. എഫ് നേതാക്കളായ കെ.പി. സഹദേവൻ, എം.വിജയരാജൻ, സി.പി.സന്തോഷ് കുമാർ, ജോയി കൊന്നക്കൽ, പി.കെ രവീന്ദ്രൻ, കെ.കെ.ജയപ്രകാശ്, ഹമീദ് ചെങ്ങളായി, ഹംസ പുല്ലാടി, രതീഷ് ചിറക്കൽ, ജോജി ആനിത്തോട്ടം. സി.വത്സൻ , കെ മനോജ്, ഷോണി അറക്കൽ എന്നിവർ സംബന്ധിച്ചു.