പയ്യന്നൂർ: കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ വാഹന മോഷ്ടാവ് പൊലീസ് പിടിയിലായി.
പെരിയാട്ടടുക്കം സ്വദേശി കണ്ണിപ്പൊടിയിൽ ഹൗസിൽ ടി.എച്ച് റിയാസാണ് (40) പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ മട്ടന്നൂർ ശിവപുരത്തെ ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം 22ന് വൈകിട്ടാണ് പയ്യന്നൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്. അഭിഭാഷകനോടൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്താൻ തുടങ്ങവെ റിമാൻഡിലാകുമെന്ന ഘട്ടത്തിൽ കോടതി മുറിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കോടതി ജൂനിയർ സൂപ്രണ്ട് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.
2008ൽ ചെറുതാഴം മണ്ടൂരിൽ നിന്ന് സ്‌കോർപ്പിയോ കാർ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാൻ വീഴ്ച വരുത്തിയതിന് റിയാസിനെതിരെ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂർ -കാസർകോട് ജില്ലകളിലായി നൂറോളം കേസുകളിലും കർണാടകയിലെ കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.