നീലേശ്വരം: നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ദിനേശ് കൈത്തറി ഓണം ഫെയർ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. സംഘം കോംപ്ലക്സിലാണ് ഓണം ദിനേശ്‌കൈത്തറി മേള നടക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് മന്ത്രി മേള സന്ദർശിച്ചത്. ഓണം പോലുള്ള ആഘോഷങ്ങൾ വരുമ്പോൾ ഇത്തരം മേളകൾ നടത്തേണ്ടത് സാധാരണക്കാരന്റെ ആവശ്യമാണ്. കൈത്തറിയുടെ മേൻമയും ദിനേശിന്റെ നൻമയും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം മേള വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി ശാന്ത, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, മുൻ നഗരസഭാധ്യക്ഷൻ കെ.പി.ജയരാജൻ, സംഘം പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, കേരള ദിനേശ് ചെയർമാൻ എം.കെ.ദിനേശ്ബാബു, നീലേശ്വരം ദിനേശ് സഹകരണ സംഘം പ്രസിഡന്റ് കെ.രാഘവൻ, സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം സി.സി.കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.