mahe-palam
മാഹി ടൗണിൽ ഇഴയുന്ന വാഹനങ്ങൾ

മാഹി: മാഹി പാലം ദേശീയപാതയിലെ അഴിയാക്കുരുക്കായി. പലപ്പോഴും ഗതാഗത സ്തംഭനമാണിവിടെ. കണ്ണൂർ ജില്ലാ പ്രവേശന കവാടത്തിൽ പൊലീസ് സാന്നിദ്ധ്യമില്ലാത്തതിനാൽ പലപ്പോഴും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ ട്രാഫിക്ക് പൊലീസുകാർക്ക് അതിർത്തിക്കപ്പുറം കടന്ന് ഗതാഗത നിയന്ത്രണം നടത്തേണ്ടിവരുന്നു. മാഹി പാലം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പാലത്തിനിപ്പുറമുള്ള മാഹി ടൗണിനെയും ശ്വാസം മുട്ടിക്കുകയാണ്.

ന്യൂമാഹിയിൽ പൊലീസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും പകൽ നേരത്ത് ഒരു ഹോംഗാർഡിന്റെ സാന്നിദ്ധ്യമുണ്ടായാലായി. രാത്രി ഔട്ട് പോസ്റ്റ് അടച്ചിടുകയാണ്. ജില്ലയിലെ ഏറ്റവും വാഹനത്തിരക്കേറിയ പ്രദേശമാണിത്.
മയ്യഴിയിലൂടെ കടന്നുപോവുന്ന ദേശീയപാത റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ എന്നിവർക്ക് നിവേദനം നൽകി. ഭാരവാഹികളായ അഡ്വ. എ.പി. അശോകൻ, കെ.വി. ഹരീന്ദ്രൻ, മഹേഷ് മഞ്ചക്കൽ, ശിവൻ തിരുവങ്ങാടൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വട്ടം കറക്കും കുഴി
മാഹി പാലം മുതൽ പൂഴിത്തല വരെ ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള മാഹി ടൗണിലൂടെ കടന്നുപോവുന്ന ദേശീയപാതയിൽ കുഴികൾ കാരണം യാത്ര ദുരിതപൂർണ്ണമായിരിക്കുകയാണ്. റോഡിലുടനീളം കുഴികൾ നിറഞ്ഞതിനാൽ ഗതാഗതകുരുക്കും രൂക്ഷമായിട്ടുണ്ട്.

കുഴികളിൽ താത്കാലികമായി ഇട്ടിരിക്കുന്ന കരിങ്കൽ ചീളുകളും നിറയുന്ന ചെളിവെള്ളവും തെറിച്ച് കാൽനട യാത്രക്കാരും വ്യാപാരികളും ദുരിതമനുഭവിക്കുകയുമാണ്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണുള്ള അപകടം നിത്യ സംഭവമായി മാറിയിട്ടുണ്ട്.

പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം