കാസർകോട്: കാസർകോട് നഗരസഭയും ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസ്സിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ 14 വരെ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം ഉൾപ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരിയിൽനിന്നുമുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാളെ രാവിലെ മത്സരം തുടങ്ങും. ഇന്ന് കാസർകോട്ടെത്തുന്ന കേരള ടീമിൽ ജില്ലയിൽ നിന്നുള്ള മൂന്ന് താരങ്ങളുമുണ്ട്. മത്സരത്തിൽ വിജയിക്കുന്ന താരങ്ങൾ അടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ്പ് എന്നീ അന്താരാഷ്ട്രാ മത്സരത്തിന് യോഗ്യത നേടും.
ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായുള്ള മാർച്ച് പാസ്റ്റ് ഇന്നു വൈകിട്ട് നാലിന് നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി ടൗൺ ഹാൾ പരിസരത്ത് സമാപിക്കും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പതാക ഉയർത്തും. നാളെ രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ഏഴിന് സമാപിക്കും. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന സമാപന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ, ജനറൽ കൺവീനർ ജുനൈദ് അഹ്മദ്, സബ് കമ്മറ്റി ഭാരവാഹികളായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, അഷ്റഫ് എടനീർ, മീഡിയ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹാഷിം, കൺവീനർ ഷാഫി എ നെല്ലിക്കുന്ന്, എം.എൻ പ്രസാദ് , മമ്മു ചാല. അജ്മൽ തളങ്കര, അബ്ദുൾ റഹ്മാൻ ചക്കര, ഇഖ്ബാൽ ബാങ്കോട്, സിദ്ധീഖ് ചക്കര, അജ്മൽ തളങ്കര തുടങ്ങിയവർ പങ്കെടുത്തു.