udinur
സ്വാതന്തൃദിന സന്ദേശ നടനമാടാൻ ഉദിനൂരിലെ നൃത്ത കലാകാരികൾ ബേക്കൽ കോട്ടയിൽ

കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൃത്തവേദികളിൽ ഇതിനകം തിളങ്ങിയ ഉദിനൂരിലെ നൃത്ത കലാകാരികൾ ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ദേശസ്നേഹം വിളംബരം ചെയ്യുന്ന ഫ്യൂഷൻ ഡാൻസ് യുട്യൂബിൽ വൈറലായി.

ഹിന്ദിയിലുള്ള ദേശഭക്തി ഗാനത്തിന്റെ ഈരടികൾക്കൊപ്പം നൃത്തം ചവിട്ടുന്ന കലാകാരികളുടെ ചുവടുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു. വീട്ടമ്മമാർ മുതൽ അദ്ധ്യാപികമാർ വരെയുള്ള വനിതാ കൂട്ടായ്മയിലെ പത്തുപേരാണ് നൃത്തം അവതരിപ്പിക്കുന്നത്. ഉദിനൂർ ഗ്രാമത്തിലെ അദ്ധ്യാപികമാരായ സുജാത, പാർവ്വതി, ജലജ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹേമലത, ഫാഷൻ ഡിസൈനർ താര, ക്ഷീരസംഘം ജീവനക്കാരി ശ്രീജ, പ്രീപ്രൈമറി അദ്ധ്യാപിക ജയശ്രീ, എൽ.ഐ.സി ജീവനക്കാരി പ്രമീള, തൊഴിൽ പരിശീലന കേന്ദ്രം ജീവനക്കാരി ഷീബ, ആശാവർക്കർ സന്ധ്യ തുടങ്ങിയവരാണ് അരങ്ങിൽ തിളങ്ങുന്നത്. 30 നും 40 നും ഇടയിൽ പ്രായമുള്ള കലാകാരികൾ ജോലിതിരക്ക് കഴിഞ്ഞുവന്ന് രാത്രിയിൽ സമയം കണ്ടെത്തി പ്രമീളയുടെ വീട്ടിൽ ഒത്തുകൂടി മണിക്കൂറുകൾ പരിശീലനം നേടിയാണ് നൃത്തവേദികൾ കീഴടക്കുന്നത്. അജിത് നാരായണൻ കണ്ണംകൈ ആണ് പരിശീലകൻ.

ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും തിരുവാതിര കളിച്ചുകൊണ്ടായിരുന്നു ഇവരുടെ അരങ്ങേറ്റം. നിരവധി വേദികൾ ഇതിനകം ഈ കൂട്ടായ്മക്ക് തിരുവാതിര അവതരിപ്പിച്ചു. സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയാണ് കലാകാരികൾ നൃത്തരൂപങ്ങൾ പോസ്റ്റ് ചെയ്യുന്നത്. മഡിയൻ കൂലോം പശ്ചാത്തലമാക്കി ഒരുക്കിയ 'കനകനിലാവേ, തുയിലുണരൂ... എന്ന ഗാനത്തോടെയുള്ള നടനവും മികച്ചതായിരുന്നു. രണ്ടു മനോഹരമായ നൃത്തരൂപം കൂടി അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.