കൂത്തുപറമ്പ്: കാണാതായ മൂര്യാട് സ്വദേശി ജസീലിനെ ദുബായിൽ സ്വർണ്ണക്കടത്ത് സംഘം തടവിലാക്കിയതായി ആരോപിച്ച് പിതാവ് അബ്ദുൾ ജലീൽ പൊലീസിൽ പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് മേയ് 23 ന് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും പിതാവ് പറഞ്ഞു. ജസീൽ രണ്ട് വർഷം മുൻപാണ് ദുബായിലേക്ക് പോയത്. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി നാട്ടിലെത്തിയത്.

കോഴിക്കോട് സ്വദേശിയായ ഇർഷാദ് കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ജസീലിന്റെ തിരോധാനം സംബന്ധിച്ചും ദുരൂഹത ഉയർന്നിട്ടുള്ളത്. ഇർഷാദിനെ കൊലപ്പെടുത്തിയ സംഘമാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് അബ്ദുൾ ജലീലിന്റെ നിഗമനം. ഇർഷാദിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത് ജസീലാണെന്ന് പറഞ്ഞാണ് ജസീലിനെ തടവിലാക്കിയിട്ടുള്ളതെന്നും അബ്ദുൾ ജലീൽ ആരോപിക്കുന്നു. താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണ് ജസീലിനെ തട്ടിക്കൊണ്ടുപോയതെന്നും, ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും അബ്ദുൾ ജലീൽ പറഞ്ഞു. മേയ് 14നാണ് സ്വാലിഹ് ദുബായിൽ നിന്നും അവസാനമായി വിളിച്ചത്. വിളിച്ച സമയത്ത് 60 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്നു.