
പാനൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോകൽ നാടകത്തിന് പിന്നിൽ ഹവാല പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' സംഘമാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. തലശേരി പുതിയ ബസ്‌സ്റ്റാൻഡിന് സമീപമുള്ള ആഢംബര ഹോട്ടലിൽ സംഘത്തിലെ ഒരാളുടെ പിറന്നാൾ പാർട്ടിക്കിടയിലാണ് പതിനാലുപേരെ തലശേരി ടൗൺ സി.ഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്.
പിടിയിലായവരിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ ഉള്ളതായും സൂചനയുണ്ട്. പാനൂർ സ്വദേശികളായ ശ്രീലാൽ ( 32 ), മനേക്കരയിലെ ലിബിൻ ( 30 ), അജ്മൽ ( 27 ), നജീബ് (22), റനീഷ് (32) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.പാനൂർ സ്വദേശിയായ പ്രവാസി യുവാവാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിനു പിന്നിലെ പ്രധാന ആസൂത്രകനെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.മസ്‌ക്കറ്റിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ ഹഫ്‌സലിനെ തട്ടിക്കൊണ്ട് പോയെന്ന കേസിലാണ് പ്രതികളുടെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.
വിദേശത്തു നിന്നും സ്വർണവുമായി എത്തിയ യുവാവ് സ്വർണം യഥാർത്ഥ ഉടമകൾക്ക് കൈമാറാതെ പാനൂർ സ്വദേശികളോടൊപ്പം സ്ഥലം വിട്ടുവെന്നാണ് റിപ്പോർട്ട്.സ്വർണത്തിന്റെ യഥാർത്ഥ ഉടമകൾ കാത്തു നിൽക്കെ പാനൂർ സ്വദേശികൾക്കൊപ്പം ടാക്‌സി കാറിലാണ് സംഘം തലശേരിയിലേക്ക് തിരിച്ചത്.പൊലീസ് വിവരം മനസിലാക്കിയെന്നറിഞ്ഞ സംഘം ടാക്‌സി കാറിൽ നിന്നും ഇറങ്ങുകയും ബസിൽ തലശേരിയിലെത്തുകയുമായിരുന്നു.ഭരണകക്ഷിയിലെ ഒരു നേതാവിന്റെ ബന്ധം പറഞ്ഞ് ആഢംബര ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. പിന്നീട്, സംഘത്തിലെ ഒരാളുടെ ജന്മദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.ആഘോഷത്തിനിടയിലേക്ക് ഇരച്ചു കയറിയ പൊലീസ് പതിനാലു പേരെയും പിടികൂടുകയുമായിരുന്നു.