കണ്ണൂർ: ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങൾ കൂടുതൽ ജനകീയമാക്കാൻ 'ഖാദി വീട്'എന്ന ആശയവുമായി ഖാദി ബോർഡ്. വിവിധതരം ഹോം ഫർണിഷിംഗ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുകയും വില്പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഖാദി കർട്ടൻ, ബോൾസ്റ്റർ, റൗണ്ട് കുഷ്യൻ, സ്‌ക്വയർ കുഷ്യൻ, ബോക്‌സ് കുഷ്യൻ, ടേബിൾ മാറ്റ്, ടി കോസ്റ്റർ, ബ്രഡ് ബാസ്‌കറ്റ്, പോട്ട് ഹോൾഡർ, എപ്രൺ, ബോർ സസ്റ്റർ, ഹെഡ് റെസ്റ്റ്, കിഡ്‌സ് കുഷ്യൻ, കിഡ്‌സ് ഡ്രസ്സ്, ചെയർ പാഡ്, ചെണ്ട കവർ തുടങ്ങിയവയാണ് 'ഖാദി വീടി'ലൂടെ വിൽപ്പന നടത്തുക. ഇതിന് 30 ശതമാനം റിബേറ്റും ലഭിക്കും.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഖാദി ഉപഭോക്താക്കളുടെ സംഗമം 15ന് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. കണ്ണൂരിൽ സംഗമം രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ഖാദി ഉത്പന്നങ്ങൾ ഇപ്പോൾ ഓൺലൈൻ വില്പന കേന്ദ്രമായ ഫ്ലിപ് കാർട്ടിലും ലഭ്യമാണ്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ കൊറിയർ ചെയ്യുന്ന സംവിധാനവും ബോർഡ് ആരംഭിച്ചിട്ടുണ്ടെന്ന് പി. ജയരാജൻ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പയ്യന്നൂർ ഖാദി ബോർഡ് ഡയറക്ടർ ടി.സി മാധവൻ നമ്പൂതിരി, കണ്ണൂർ പ്രൊജക്ട് ഓഫീസർ ഐ.പി. അജിത്ത് കുമാർ, ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ കെ.വി ഫാറൂഖ് എന്നിവരും പങ്കെടുത്തു.

ലക്ഷ്യം 150 കോടിയുടെ വിൽപ്പന

ഈ വർഷം ആകെ 150 കോടിയുടെയും ഓണത്തിന് 24 കോടി രൂപയുടെയും വില്പനയാണ് ലക്ഷ്യം. പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ, കാസർകോട് ജില്ലകളിലായി 30 കോടി രൂപയുടെ വിൽപ്പന നടത്തും.

ഖാദി ഓണം മേളയോടനുബന്ധിച്ച് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ 10 പവൻ, 5 പവൻ സ്വർണവും ഓരോ ജില്ലയിലും ഓരോ പവൻ വീതവും നൽകും. കൂടാതെ ആഴ്ചതോറും മറ്റ് സമ്മാനങ്ങളും ലഭ്യമാക്കും. സെപ്തംബർ 7 വരെ ഖാദി ഉത്പന്നങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും.