പയ്യന്നൂർ: കുട്ടികളെ സ്വതന്ത്രരായി വളരുവാൻ അനുവദിക്കുന്നതിനോടൊപ്പം, രക്ഷിതാക്കൾ അവരെ നന്നായി നിരീക്ഷിക്കുകയും വേണമെന്ന് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. കുട്ടി മയക്കുമരുന്ന് ആദ്യം ഉപയോഗിച്ചാൽ തന്നെ, കുട്ടിയെ സ്ഥിരമായി നിരീക്ഷിക്കുന്ന ഒരമ്മയേക്ക് സ്വാഭാവികമായും അതു മനസിലാകും. എന്നാൽ പലരും ആദ്യഘട്ടത്തിൽ അത് മൂടിവെക്കാൻ ശ്രമിക്കുന്നതാണ് കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുന്നതിന് ഇടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികൾക്ക് പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന അനുമോദനവും ലഹരി മുക്ത കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് വകയായി എഴുപതോളം കുട്ടികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ശശി വടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.എം. സന്തോഷ് പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ടി.വി. നിഷ സ്വാഗതവും വി.പി. രാജൻ നന്ദിയും പറഞ്ഞു.