പാമ്പ് കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളിയെയും കൊണ്ട് ഓടിയത് 40 കിലോമീറ്റർ

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിൽ നിരവധി സർക്കാർ ആശുപത്രികൾ ഉണ്ടെങ്കിലും വിഷ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത് ദുരിതമാകുന്നു. കിടത്തി ചികിത്സ ഉണ്ടായിരുന്ന വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും വിഷ ചികിത്സാസൗകര്യം ഒരുക്കിയിട്ടില്ല. സ്വകാര്യസ്ഥാപനങ്ങളിലും വീടുകളിലും വിഷ ചികിത്സകൾ നടക്കുന്നുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തി സംശയമാണ്.

ഇന്നലെ പാമ്പ് കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളിയെയും കൊണ്ട് ചികിത്സക്കായി ഓടേണ്ടി വന്നത് 40 കിലോമീറ്ററാണ്. വെസ്റ്റ് എളേരി പഞ്ചായതിൽ പുങ്ങംചാലിലെ ഒരു വ്യക്തിയുടെ തെങ്ങിൻ തോട്ടത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് കൊടിയംകുണ്ടിലെ ഓമന(52)യെ പാമ്പ് കടിച്ചത്. പുങ്ങംചാലുകാർക്ക് 40 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയാലാണ് വിഷചികിത്സ ലഭ്യമാകുക.

അണലി ഇനത്തിൽപെട്ട പാമ്പാണ് ഓമനയെ കടിച്ചത്. തൊഴിൽ സ്ഥലത്ത് നിന്ന് ഒപ്പമുള്ള തൊഴിലാളികളും നാട്ടുകാരും ചേർന്ന് പാമ്പിനെ പിടികൂടി തല്ലിക്കൊന്ന് ഭരണിയിലാക്കി പരിക്കേറ്റ വീട്ടമ്മയ്ക്ക് ഒപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ഐ.സി.യുവിലാണ് ഓമന കഴിയുന്നത്.

ഏറ്റവും കൂടുതൽ പാമ്പുകടി ഏൽക്കുന്ന മലയോര മേഖലയിലെ സർക്കാർ ആശുപത്രികളിൽ വിഷചികിത്സ തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ചികിത്സാ ചിലവ് കിട്ടും,​ പക്ഷേ

പാമ്പ് കടിയേറ്റാൽ ചികിത്സാ ചിലവിലേക്കായി വനം വന്യജീവിവകുപ്പ് പണം നൽകുന്നുണ്ടെങ്കിലും കൃത്യമായ ബില്ലും ആശുപത്രി രേഖകളും ആവശ്യമാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാതെ വരുന്നതിനാൽ വനം വകുപ്പിന്റെ നഷ്ടപരിഹാരം കിട്ടാൻ ബുദ്ധിമുട്ടും നേരിടും.