മാഹി: തീരദേശവാസികളുടെ ദശകങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അനുവദിച്ച മയ്യഴി തുറമുഖ നിർമ്മാണപദ്ധതി ഇനിയും പൂർത്തിയായില്ല.ആദ്യ കരാറുകാരൻ ഉപേക്ഷിച്ചു പോയ പ്രവൃത്തി എൺപതുശതമാനത്തോളം പൂർത്തിയായിട്ടുണ്ടെങ്കിലും അഞ്ച് വർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതെ സമയത്ത് ആരംഭിച്ച മറ്റ് തുറമുഖങ്ങൾ പൂർണസജ്ജമായെങ്കിലും മാലിന്യം അടിഞ്ഞുകൂടിയും കാടുകയറിയും മയ്യഴി തുറമുഖം അനാസ്ഥയുടെ പ്രതീകമായി കഴിയുകയാണിപ്പോൾ.
കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മയ്യഴിയുടെ തുറമുഖ സ്വപ്നങ്ങൾക്ക് 2006ലാണ് തുടക്കമായത്. രണ്ടു ഭാഗത്തെ പുലിമുട്ട് 22.60 കോടി രൂപ ചിലവിൽ 18 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ കരാറുകാരൻ പതിനെട്ട് ശതമാനം മാത്രമാണ് കാലാവധിക്കുള്ളിൽ പൂർത്തിയാക്കിയത്. തുടർന്നുണ്ടായ സാങ്കേതിക തടസങ്ങൾ തീർത്ത് ചെന്നൈയിലെ മാർഗ് കമ്പനിക്കാർ 68.64 കോടി ചിലവിൽ പുലിമുട്ട് പൂർത്തിയാക്കാൻ കരാർ ഏറ്റെടുത്തു.
എന്നാൽ 86 ശതമാനം പണി പൂർത്തിയാക്കി ഈ കമ്പനിയും പിൻവാങ്ങി.
നിലവിൽ തെക്ക് ഭാഗത്തെ 540 മീറ്റർ പുലിമുട്ട് പൂർത്തിയായിട്ടുണ്ട്. വടക്ക് ഭാഗത്ത് 978 മീറ്ററിൽ 70 മീറ്റർ പുലിമുട്ട് നിർമ്മാണം ബാക്കിയിരിപ്പുണ്ട്. കടലിൽ നിന്നുള്ള പ്രവേശന കവാടവും നിർമ്മിക്കേണ്ടതുണ്ട്. രണ്ട് വീതം ഗിയർ ഷെഡ്, നെറ്റ്‌മെന്റിംഗ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സെക്യൂരിറ്റി റൂം എന്നിവ ഏതാണ്ട് പൂർത്തിയാക്കി. മാർഗ്ഗ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെയാണ് പ്രവൃത്തി നിശ്ചലമായത്. അഞ്ചുവർഷം മുമ്പാണ് പ്രവൃത്തി നിലച്ചത്.
ഏതാണ്ട് ഇതേ സമയത്ത് ആരംഭിച്ച തലായ് അടക്കമുള്ള ഹാർബറുകളെല്ലാം പ്രവർത്തനസജ്ജമായിട്ട് വർഷങ്ങൾ കഴിഞ്ഞു. നിവേദനങ്ങൾ തൊട്ട് പ്രക്ഷോഭങ്ങൾ വരെ നടത്തിയെങ്കിലും അധികൃതരുടെ ഉറപ്പുകളൊക്കെ തിരമാലകളിൽ അലിഞ്ഞു പോയി.
പുലിമുട്ടിന് പുറമെ
ജെട്ടി, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, കാന്റീൻ ബ്ലോക്ക്, ഗിയർ ഷെഡ്, നെറ്റ് വെന്റിംഗ് ഷെഡ്, ലേലപ്പുര ,ക്ലോക്ക് റൂം, ശുദ്ധജല സംവിധാനം, അഴുക്കു ജല ശുദ്ധീകരണ പ്ലാന്റ്, കടലിലെ മത്സ്യസമ്പത്ത് മനസ്സിലാക്കാനുള്ള നൂതന സംവിധാനം ടെലികമ്മ്യുണിക്കേഷൻ സിസ്റ്റം, കാമ്പസ് റോഡ്, ഗ്രീൻ ബെൽറ്റ്
'ബംഗളൂരു സി.ഐ.സി.ഇ.എഫിന്റെ നിർദ്ദേശപ്രകാരം, കൊച്ചിയിയിലെ ഹാർബർ ഐ.ഐ.ടി.യുമായി ബന്ധപ്പെട്ട് മാഹി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഫിഷറിസ് വകുപ്പ് നേരിട്ടാണ് പണി തുടർന്ന് നടത്തുക. ഇതുമായി നിരന്തരമായി ബന്ധപ്പെട്ട് വരുന്നുണ്ട്.അടുത്ത വർഷാന്ത്യത്തോടെ പണി പൂർത്തിയാക്കാനാവുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിട്ടുള്ളത് '
രമേശ് പറമ്പത്ത്, എം.എൽ.എ
'അഞ്ച് വർഷമായി പണി നിശ്ചലമായതോടെ തുറമുഖ പ്രദേശമാകെ കാട്കയറി ഇഴജീവികളുടെ വാസസ്ഥലമായി മാറി. തീരത്ത് മാലിന്യങ്ങൾ വൻതോതിൽ അടിഞ്ഞ് കിടപ്പാണ്. ദേശവാസികൾ കടുത്തദുരിതത്തിലുമായി.നിർമ്മാണം ഉടൻപൂർത്തിയാക്കണം.'
വി.മുരളീധരൻ,ദേശവാസി.