കണ്ണൂർ: സ്വാതന്ത്റ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മി​റ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്ജ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര നാളെ മുതൽ നടക്കും. വർഗീയതയും ഫാസിസവും തുടച്ച് നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്റാവാക്യങ്ങളുയർത്തിയാണ് പദയാത്രയെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഉരുവച്ചാലിൽ നിന്ന് പദയാത്ര ആരംഭിക്കും. ജാഥയുടെ ഉദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി നിർവഹിക്കും. അന്ന് വൈകീട്ട് അഞ്ചിന് മട്ടന്നൂർ ബസ് സ്​റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. 13ന് ഉച്ചക്ക് 2.30ന് വളപട്ടണം മന്നയിൽ നിന്നാരംഭിക്കുന്ന പദയാത്ര എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂർ സ്​റ്റേഡിയം കോർണറിൽ സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 15ന് കണ്ണൂരിൽ സ്മൃതി സംഗമം നടത്തും. 15ന് രാവിലെ എല്ലാ കോൺഗ്രസ് ഓഫീസുകളിലും, വീടുകളിലും, സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും. അന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്റ്യദിനാഘോഷ പരിപാടികൾ നടക്കും. മണ്ഡലം കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ സ്വാതന്ത്റ്യ സ്മൃതിയാത്രകളും സംഗമങ്ങളും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി. ജയകൃഷ്ണൻ, റഷീദ് കവ്വായി എന്നിവരും സംബന്ധിച്ചു.