മാഹി: വർഷങ്ങളായി മുറവിളി കൂട്ടിയിട്ടും അധികൃതർക്ക് അനക്കമില്ല. ഒടുവിൽ കുട്ടികളെ സ്കൂളിലയക്കാതെ, രക്ഷിതാക്കൾ സർക്കാർ വിദ്യാലയങ്ങൾക്ക് മുന്നിൽ സമരമിരുന്നു. സംയുക്ത അദ്ധ്യാപക രക്ഷാകർതൃ സമിതി നേതാക്കൾ വിദ്യാഭ്യാസ മേലദ്ധ്യക്ഷനേയും, റീജ്യണൽ അഡ്മിനിസ്ട്രേറ്ററേയും ഒരുവട്ടം കൂടി നേരിൽ കണ്ട് അന്ത്യശാസനം നൽകി. പഠിപ്പിക്കാനാളില്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കില്ലെന്നും, അനിശ്ചിതകാല സമരമാരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഒടുവിൽ ആഗസ്റ്റ് 30നു മുമ്പായി വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കുമെന്ന റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ സമരത്തിന് മയ്യഴി മേഖലയിലെ വിവിധ സ്കൂളുകൾ കേന്ദ്രികരിച്ച് പി.ടി.എ പ്രസിഡന്റുമാർ നേതൃത്വം നൽകി. റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനു മുൻപിൽ നിൽപ് സമരവും നടത്തി. സമരത്തിന് ജോയിന്റ് പി.ടി.എ പ്രസിഡന്റ് ഷാനിദ് മേക്കുന്ന്, ജനറൽ സെക്രട്ടറി കെ.വി സന്ദീവ്, ഭാരവാഹികളായ ഷിബു കാളാണ്ടിയിൽ, ഷൈനി ചിത്രൻ, ശിവൻ തിരുവങ്ങാടൻ, ബൈജു പൂഴിയിൽ, കെ. രസ്ന നേതൃത്വം നൽകി.