പാനൂർ: പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ വടക്കേ പൊയിലൂർ, മേലെ കുന്നോത്തുപറമ്പ് എന്നിവിടങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തെങ്ങുൾപ്പടെയുള്ള മരങ്ങൾ കടപുഴകി വീണു. ആയിരത്തോളം വാഴകളും നിരവധി കവുങ്ങുകളും നിലംപൊത്തി.
ഇന്നലെ രാവിലെ 7മണിയോടെയാണ് ചുഴലി ആഞ്ഞുവീശിയത്. മേലെ കുന്നോത്ത് പറമ്പിന് സമീപത്തുകൂടി കടന്നുപോയ ചുഴലി വടക്കെ പൊയിലൂരിലും നാശനഷ്ടങ്ങളുണ്ടാക്കി. പലയിടങ്ങളിലെയും തെങ്ങുകളും, പ്ലാവുകളും കവുങ്ങുകളും തുടങ്ങി ഒട്ടുമിക്ക മരങ്ങളും പൊട്ടിച്ചെറിയുകയും, ചിലത് കടപുഴക്കുകയും ചെയ്തു. കാട്ടുപന്നിയുൾപ്പടെയുള്ള ക്ഷുദ്രജീവികളെ തുരത്തി ഏറെ ശ്രമകരമായി വച്ചുപിടിപ്പിച്ച വാഴകളാണ് ഒരു നിമിഷ നേരം കൊണ്ട് ചുഴലി പിഴുതെറിഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽ കുമാർ,
പഞ്ചായത്ത് അംഗങ്ങളായ കെ.സി ജിയേഷ്, ടി. സുജില, വിപി നിഷ്ന, പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ്, കൃഷി ഓഫീസർ ടി. ഷുഹൈബ് എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. പടിക്കലക്കണ്ടി പാറേമ്മൽ മുക്കിൽ ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീണു.
നാശനഷ്ടങ്ങൾ നേരിട്ടവർ
മേലെ കുന്നോത്ത്പറമ്പിൽ ചിറക്കരാണ്ടിയിൽ കോച്ചു ബാലൻ, പുല്ലാപ്പള്ളി അനന്തൻ, തങ്കേശപ്പുരയിൽ ശാരദ, പത്തലായി പവിത്രൻ, പത്തലായി കുഞ്ഞിക്കണ്ണൻ, പന്തക്കാലിൽ ബാലൻ, വട്ടപ്പറമ്പത്ത് നാണി, പാലക്കണ്ടി സജിത്ത്, കലിയത്ത് ശശി, പി.കെ കുഞ്ഞമ്പു, അമ്പൂന്റെ പറമ്പത്ത് മനോജ്, എം.പി ഗോവിന്ദൻ, ഒറ്റത്തെങ്ങുള്ളതിൽ ചന്ദ്രൻ, ചേരിക്കൽ അനന്തൻ, വട്ടപ്പറമ്പത്ത് കരുണൻ.
വടക്കെ പൊയിലൂരിലെ വയൽപുരയിൽ കുമാരൻ, കുനിയിൽ ഗോവിന്ദൻ, പട്ടുവയിൽ ഗോവിന്ദദാസ്,
പട്ടുവയിൽ ചീരു, കൈതേരിന്റ വിട രാജീവൻ, കീഴ്ക്കാവിൽ അമ്മദ്, പാതാളത്തിൽ ബാലൻ, പാതാളത്തിൽ ദിനേശൻ, വെളുത്തപറമ്പത്ത് ചന്ദ്രി, ആറമ്പള്ളി രാജൻ, പടിക്കലക്കണ്ടി മോഹനൻ.