ആലക്കോട്: റിട്ട. അദ്ധ്യാപകരായ ദമ്പതികൾ അമേരിക്കയിലുള്ള മകന്റെയടുത്തേയ്ക്ക് വീട് പൂട്ടിപ്പോയ സമയത്ത് വൻ കവർച്ച. കരുവൻചാലിനടുത്തുള്ള മീമ്പറ്റിയിലെ റിട്ട. അദ്ധ്യാപകരായ കല്ലംപ്ലാക്കൽ കെ.ഡി ബേബി, ഭാര്യ സെലിൻ എന്നിവർ താമസിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് അമേരിക്കയിലുള്ള മകൻ പ്രിൻസിന്റെയടുക്കലേയ്ക്ക് പോയ ഇവർ 7 മാസത്തിനു ശേഷമേ തിരിച്ചെത്തുകയുള്ളൂ.

സെലിന്റെ സഹോദരനും ആലക്കോട് ന്യൂബസാറിലെ വ്യാപാരിയുമായ റിജോഷ് ജെയിംസും ഭാര്യയുമാണ് വീട് തുറന്ന് കിടക്കുന്നത് കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിനുള്ളിലുണ്ടായിരുന്ന ടിവി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇൻവെർട്ടർ, ബാറ്ററി, ഗ്യാസ് സിലിണ്ടർ, രണ്ട് പെഡ്രോ ഫാൻ, അയൺബോക്സ് തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങളൊക്കെയും കടത്തിക്കൊണ്ടുപോകുകയായിരുന്നു.

75,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. റിജോഷ് ജെയിംസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയുണ്ടായി. വീടുമായി നല്ല ബന്ധമുള്ളവരാകാം പ്രതികളെന്നാണ് കരുതുന്നത്.