കാസർകോട്: സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് എ.ഐ.സി.സിയുടെ നിർദ്ദേശാനുസരണം കെ.പി.സി.സി ആഹ്വാനപ്രകാരം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ നയിക്കുന്ന ആസാദി കി ഗൗരവ് യാത്ര 13 ന് രാവിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുമെന്നും ബ്ലോക്ക് ജില്ലാതലങ്ങളിൽ ഒരുക്കങ്ങളായെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 ന് യാത്ര തൃക്കരിപ്പൂരിൽ സമാപിക്കും. ജില്ല-സംസ്ഥാന ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ അടക്കം 250 സ്ഥിരാംഗങ്ങൾ ജാഥയിലുടനീളം അനുഗമിക്കും. ആയിരത്തോളം പ്രവർത്തകർ ഓരോ മണ്ഡലം അതിർത്തികളിലും ജാഥയിലുണ്ടാകും.
സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ പതാക ഉയർത്തി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കും. തുടർന്ന് യാത്ര പ്രയാണം തുടരും. കുമ്പളയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, കർണാടക നേതാക്കളായ രമാനാഥ റായ് , വിനയകുമാർ സാർക്ക സംബന്ധിക്കും. ആദ്യദിവസം മേൽപറമ്പിൽ സമാപന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും,
14ന് വൈകുന്നേരം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സമാപനയോഗം കെ.പി.സി.സി സെക്രട്ടറി ബിർ എം ഷഹീർ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ മാന്തോപ്പ് മൈതാനിയിൽ ദേശീയപതാക ഉയർത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം സ്വാതന്ത്ര്യദിന സന്ദേശം നൽകും. വൈകുന്നേരം കാലിക്കടവിൽ സമാപന യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.16 ന് ഉച്ചയ്ക്ക് 2:30 ന് കാലിക്കടവിൽ നിന്ന് പദയാത്രയുടെ സമാപന റാലി ആരംഭിക്കും. വൈകുന്നേരം തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജെബി മേത്തർ എം.പി, രാഹുൽ മാങ്കൂട്ടം എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, കെ.പി.സി.സി മെമ്പർ പി.എ അഷ്‌റഫലി, ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ എന്നിവർ സംബന്ധിച്ചു.