കാസർകോട്: ജില്ലാ വടംവലി അസോസിയേഷനും ഗവ: ഹയർ സെക്കൻഡറി സ്കൂൾ കുണ്ടംകുഴിയും സംയുക്തമായി നേതൃത്വം വഹിക്കുന്ന കേരള സംസ്ഥാന വടംവലി മത്സരം13, 14 തീയതികളിൽ കുണ്ടംകുഴി സ്കൂളിൽ നടക്കും. മഹാരാഷ്ട്രയിൽ നടത്തുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെ കുണ്ടംകുഴിയിൽ വച്ച് തിരഞ്ഞെടുക്കും. 13 ന് രാവിലെ ഉദുമ എം.എൽ.എ അഡ്വ :സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നുള്ള 13,15,17 വയസിനു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിക്സഡ് മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക.1500 മത്സരാർത്ഥികൾ എത്തിച്ചേരും. ഇവർക്കുള്ള താമസവും ഭക്ഷണ സൗകര്യവും സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്. അന്യജില്ലകളിൽ നിന്നും വരുന്ന കായികതാരങ്ങൾക്കും സഹായികൾക്കും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കുണ്ടകുഴിയിലേയ് ക്കുമുള്ള യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലയിലെ വിവിധ ടൗണുകളിൽ കേന്ദ്രീകരിച്ച് 'കവല വലി ' എന്ന് പേരിട്ടുകൊണ്ട് സൗഹൃദ വടംവലി സംഘടിപ്പിച്ചത് ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു. സ്റ്റാറ്റസ് ക്യാമ്പയിൻ പോസ്റ്റർ ഷോർട്ട് വീഡിയോ എന്നിവ പ്രചാരണത്തിന്റെ ഭാഗമായി നടത്തി. വാർത്താസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.വി ഹാഷിം, വടംവലി അസോസിയേഷൻ ഭാരവാഹികളായ പ്രൊഫ. രഘുനഥ്, പ്രവീൺമാത്യു, പ്രചാരണ കമ്മിറ്റി ഭാരവാഹികളായ ബി.എൻ സുരേഷ്, എ. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.