നീലേശ്വരം: നഗരസഭയിൽ ഹരിത കർമ്മസേനാംഗങ്ങൾ നടത്തുന്ന വാതിൽപ്പടി അജൈവ മാലിന്യശേഖരണം ഡിജിറ്റൽവത്കരിക്കുന്നു. ഇതിന് മുന്നോടിയായി വാർഡ് അടിസ്ഥാനത്തിലുള്ള സർ വേ ആരംഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് സംവിധാനത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ ടി.വി ശാന്ത നിർവഹിച്ചു.

മാലിന്യ ശേഖരണവും ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളും വാർഡ് തലത്തിൽ കൂടുതൽ ക്രിയാത്മകമാക്കുന്നതിനും മാലിന്യശേഖരണ പരിപാലന പ്രവർത്തനങ്ങൾ സുതാര്യമായി നടത്താനും കഴിയുന്ന രീതിയിൽ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് സിസ്റ്റം എന്ന മൊബൈൽ ആപ്ലിക്കേഷൻ തിരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുന്നത്. ഹരിത കേരളം മിഷന്റെ മേൽ നോട്ടത്തിൽ ശുചിത്വമിഷൻ മാലിന്യ സംസ്‌കരണ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയുള്ള മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം.

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിച്ച് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്താണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുക. പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടു കൂടി നഗരസഭയിൽ ഹരിത കർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന അജൈവ മാലിന്യശേഖരണം കൂടുതൽ ഫലപ്രദമാകും.

യോഗത്തിൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ഹരിതമിത്രം പ്രോജക്ട് കോ-ഓർഡിനേറ്റർ വീണ രാജൻ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത, കെ.പി രവീന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ കൗൺസിലർമാരായ ഇ. ഷജീർ, പി. ഭാർഗവി, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ലക്ഷ്മി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ദേവരാജൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ടി.വി ഭാഗീരഥി, സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി മോഹനൻ സംസാരിച്ചു.

ഗുണങ്ങൾ ഏറേ..

കൃത്യമായ ഇടവേളകളിൽ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഹരിത കർമ്മസേനാംഗങ്ങൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനും, ഏതെല്ലാം വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാക്കുവാനും, യൂസർ ഫീ നൽകാത്ത വീടുകൾ, സ്ഥാപനങ്ങൾ മനസ്സിലാക്കാനും ആപ്പിലൂടെ സാധിക്കും. ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ഓരോ വീട്ടുകാർക്കും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ നൽകാനും പ്രശ്നങ്ങൾ ഫോട്ടോ സഹിതം നഗരസഭയിൽ അറിയിക്കാനും സൗകര്യമുണ്ടാകും.