കൊട്ടിയൂർ: ചുങ്കക്കുന്നിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. ഇരിട്ടി കൊട്ടിയൂർ റൂട്ടിൽ ഓടുന്ന സൂപ്പർ സോണിക് ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും കേളകം ഭാഗത്തു നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ ബസ് ഡ്രൈവർ കൊട്ടിയൂർ സ്വദേശി രതീഷ്, യാത്രക്കാരായ എം.ബിന്ദു, എയ്ഞ്ചൽ, സീന, കെ.എസ്.ബിന്ദു, പ്രിയ, റോയൽ, ഋതുപർണ ,ആര്യ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ രതീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാര്യമായ കേടുപാടുകൾ ഇല്ലാത്ത ലോറി കേളകം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.