തലശ്ശേരി: രണ്ട് മാസം തികയും മുൻപെ പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ മുനിസിപ്പൽ കംഫർട്ട് സ്റ്റേഷൻ ( ശൗചാലയം) വീണ്ടും അടച്ചു. സംവിധാനം പ്രവർത്തനക്ഷമമല്ലെന്നുള്ള നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പ് ശൗചാലയത്തിന്റെ ചുമരിൽ പതിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപാണ് ഇത് ഉപയോഗിച്ചു തുടങ്ങിയിരുന്നത്.
ആദ്യ മഴയിൽ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു മലിനജലവും ദുർഗ്ഗന്ധവും പുറത്തൊഴുകിയതോടെ പരിസരത്തെ കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരും പ്രയാസത്തിലായി. പ്രതിഷേധം കൂടിയതോടെയാണ് ശൗചാലയം അടച്ചു പൂട്ടാൻ അധികൃതർ നിർബ്ബന്ധിക്കപ്പെട്ടത്. ഇതേ കംഫർട്ട് സ്റ്റേഷന് വേണ്ടി നേരത്തെ പണിത ടാങ്ക് വേഗം നിറയുന്നതായുള്ള അനുഭവത്തെ തുടർന്നാണ് ബസ് സ്റ്റാൻഡിലെ ഓട്ടോസ്റ്റാന്റിനടുത്തായി ആഴത്തിൽ കുഴിയെടുത്ത് കഴിഞ്ഞ വർഷം പുതിയത് പണിതത്. മഴ കനത്തു പെയ്ത് ഭൂമിക്കടിയിലെ ജലനിരപ്പ് ഉയർന്നതോടെ ഓർക്കാപ്പുറത്ത് ഇതും നിറഞ്ഞു. കഴിഞ്ഞവർഷം അവസാനം മുതൽ ആറു മാസത്തെ അടച്ചിടലിനൊടുവിൽ ഇക്കഴിഞ്ഞ ജൂൺ മുതലാണ് ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിനജലം വീണ്ടും പുറത്തേക്കൊഴുകാൻ തുടങ്ങിയത് .'