
കണ്ണൂർ: പാരതന്ത്രം പോലെ ഇരുട്ടിലായിരുന്നു ഒരു കാലത്ത് ഹരിത മോൾ. എന്നാൽ ഇന്ന് കാഴ്ചയില്ലാത്ത ഒരു പിടി കുട്ടികൾക്ക് മുന്നിൽ വെളിച്ചത്തിന്റെ സ്വാതന്ത്രമായി ആഘോഷിക്കപ്പെടുകയാണ് ഈ മലയാളം അദ്ധ്യാപകർ. കാഴ്ച്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ട പയ്യാവൂർ കുന്നത്തൂരിലെ ഹരിത ഇന്ന് പയ്യന്നൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപികയാണ്.പരിമിതികളിൽ തളരാതെ പൊരുതി മുന്നേറിയ അദ്ധ്യാപിക കുട്ടികൾക്ക് പ്രിയപ്പെട്ടവളാണ്.
വിദ്യാർത്ഥിയായിരിക്കെ ബ്രയിലി ലിപിയിൽ കവിതകളെഴുതി ശ്രദ്ധ നേടിയിട്ടുണ്ട് ഹരിത.സ്വന്തം കവിതാ സമാഹാരത്തിലൂടെ ലഭിച്ച വരുമാനമുപയോഗിച്ചായിരുന്നു ഉപരിപഠനം.ധർമ്മശാല മോഡൽ സ്കൂൾ ഫോർ ദി ബ്ലൈന്റിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം പൈസക്കരി ദേവമാത സ്കൂളിൽ നിന്ന് ഹൈസ് സ്കൂൾ പഠനം പൂർത്തിയാക്കി .കോഴിക്കോട് സ്പെഷ്യൽ സ്കൂളിൽ നിന്നും പ്ലസ്ടുവും കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും മടമ്പം പി.കെ.എം കോളേജിൽ നിന്നും ബി.എഡും പൂർത്തിയാക്കി.നിലവിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.ഇതിനിടയിലാണ് അദ്ധ്യാപികയായി നിയമനം ലഭിച്ചത്.
ജനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം തന്നെ ഹരിതയുടെ കാഴ്ച്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കൂലിപ്പണിക്കാരായിരുന്ന അച്ഛൻ പ്ലാക്കൽ പ്രഭാകരനും അമ്മ രാജമ്മയും മതിയായ ചികിത്സകൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.എന്നാൽ ഇന്ന് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് മകൾ ഒരു അദ്ധ്യാപികയായതിന്റെ സന്തോഷത്തിലാണ് ഈ രക്ഷിതാക്കൾ.ഹർഷ സഹോദരിയാണ്.
കവയിത്രിയെ കണ്ടെടുത്ത അദ്ധ്യാപകർ
ഹരിതയുടെ കഴിവ് തിരിച്ചറിഞ്ഞ് അദ്ധ്യാപകർ നൽകിയ പ്രോത്സാഹനമാണ് കവിതയിലേക്കുള്ള വഴി തുറന്നത്. അദ്ധ്യാപികയായിരുന്ന ബീന അഗസ്റ്റിനാണ് കൂട്ടത്തിൽ ഏറ്റവും വലിയ ഇടപെടൽ നടത്തിയത്. ഹൈസ് സ്കൂൾ പഠന കാലയളവിൽ പ്രധാനദ്ധ്യാപകൻ ജോണി തോമസിന്റെ സഹായത്തോടെ അദ്ധ്യാപിക ബീന നാന്നൂറോളും കുട്ടികൾക്ക് ക്ലാസിലിരുന്ന് തന്നെ ഇഷ്ടമുള്ള വിഷയത്തെ പറ്റി കവിതയെഴുതാൻ അവസരം നൽകി.ഇതിൽ നാൽപ്പതോളം കവിതകൾ തിരഞ്ഞെടുത്ത് ഉറവകൾ പറയുന്നത് എന്ന പേരിൽ കവിതാ സമാഹാരവും പുറത്തിറക്കി.
ഇതിൽ ആദ്യത്തെ കവിത ഹരിതയുടെ "അത്ഭുത വിദ്യ"എന്ന കവിതയായിരുന്നു.പിന്നീട് അടുത്ത വർഷം എസ്.എസ്.എൽ.സി പരീക്ഷയുടെ തലേ ദിവസം ഹരിതയുടെ കവിതാ സമാഹാരമായ നിഴൽചിത്രങ്ങൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.ഇതിന്റെ ഇരുപതിനായിരം കോപ്പി വിറ്റു കിട്ടിയ 30,000 രൂപ ഹരിതയ്ക്ക് തുടർ പഠനത്തിന് ഏറെ സഹായകരമായിരുന്നു.