
കണ്ണൂർ: സംസ്ഥാനത്ത് നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന് കീഴിലുള്ള അഞ്ച് തുണിമില്ലുകളിലെ 2000ത്തോളം തൊഴിലാളികൾക്ക് ഇക്കുറിയും കണ്ണീരോണം. മൂന്നു വർഷമായി പൂട്ടിക്കിടക്കുന്ന മില്ലുകളിൽ ഓണത്തിന് മുമ്പ് ശമ്പളം കിട്ടില്ലെന്നുറപ്പായി. നിരവധി സമരങ്ങൾ നടത്തിയെങ്കിലും കേന്ദ്ര തൊഴിൽമന്ത്രാലയം തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
അതേസമയം, ഈ മില്ലുകൾക്ക് ഒരു ലക്ഷം കോടിരൂപയിലധികം ആസ്തിയുണ്ട്. ഇത് വിറ്റ് പണം കണ്ടെത്താനോ താത്പര്യമുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് മില്ലുകൾ കൈമാറാനോ ആണ് കേന്ദ്രം ശ്രമിക്കുന്നത്. റിലയൻസ് നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
മില്ലുകളുടെ ആസ്തി വില്പനയ്ക്ക് മുന്നോടിയായി എൻ.ടി.സി ചെയർമാന് കേന്ദ്ര മന്ത്രാലയം നേരത്തെ കത്ത് അയച്ചിരുന്നു. കഴിഞ്ഞ ജൂൺ 30വരെയുള്ള സ്ഥാപനത്തിന്റെ ചെലവുകൾ, നിലവിലുള്ളതും തീർപ്പാകാത്തതുമായ വേതന കണക്കുകൾ, ജീവനക്കാർക്ക് വി.ആർ.എസിന് ആവശ്യമായ തുക തുടങ്ങിയ വിവരങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടത്.
ഇന്ത്യയിൽ ആകെ 23 മില്ലുകൾ
തൊഴിലാളികൾ 20,000
സംസ്ഥാനത്തെ എൻ.ടി.സി മില്ലുകൾ
കാനന്നൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ കക്കാട് കണ്ണൂർ, വിജയമോഹിനി മിൽസ് പൂജപ്പുര, അളഗപ്പ ടെക്സ്റ്റയിൽ കൊച്ചിൻ മിൽസ് ലിമിറ്റഡ് തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് ലിമിറ്റഡ് തൃശ്ശൂർ, എൻ.ടി.സി മിൽ മാഹി
സ്വകാര്യമേഖലയിലും അതൃപ്തി
തമിഴ്നാട്ടിലും മറ്റും പ്രവർത്തിക്കുന്ന സ്വകാര്യ തുണിമില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തിരുപ്പൂരിലെ തുണിമില്ലുകൾ മിക്കതും അടച്ചുപൂട്ടി തൊഴിലാളികൾ സമരത്തിലാണ്. കോട്ടൺ, ചണം, ഫൈബർ, കമ്പിളി വിപണികൾ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലുമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. എൻ.ടി.സി മില്ലുകളിലെ തൊഴിലാളികളുടെ ദുരിതം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എം.പിമാരെയും കാണും.
-കെ.പി. അശോകൻ,
കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി,
ടെക്സ്റ്റൈയിൽ മിൽവർക്കേഴ്സ് യൂണിയൻ (സി. ഐ.ടി.യു)