daily
അപകട ഭീതി ഉയർത്തി തുറന്നുകിടക്കുന്ന ഓവുചാൽ

കണ്ണാടിപ്പറമ്പ്: തുറന്നിട്ട ഓവുചാലുകൾ അപകട ഭീഷണിയായി. നാറാത്ത് പഞ്ചായത്തിലെ മാലോട്ട് ജുമാമസ്‌ജിദ്‌ മുനീറുൽ ഇസ്ലാം മദ്രസയ്ക്ക് പിന്നിലെ തുറന്നിട്ട ഓവുചാലാണ് അപകടക്കെണിയായത്. സൈഡിലുള്ള കോൺക്രീറ്റ് പാതയാണ് മഴക്കാലത്ത് വെള്ളം നിറഞ്ഞു അപകടഭീഷണി ഉയർത്തുന്നത്. സ്ലാബിട്ട് സംരക്ഷിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു.

കനാലിൽ വെള്ളം നിറഞ്ഞാൽ വൻ ദുരന്തത്തിന് സാദ്ധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. നിരവധിപേർ ഇവിടെ കാൽതെന്നി വീണു അപകടത്തിൽപെട്ടിരുന്നു. കനാലിനരികെ നിരവധി കുടുംബങ്ങളും വഴിയില്ലാതെ പ്രയാസപ്പെടുന്നുണ്ട്. നൂറു മീറ്റർ നീളത്തിലുള്ളതാണ് ഓവുചാൽ. മദ്രസ മുതൽ ടാറിട്ട റോഡ് വരെ കനാലിനു മുകളിൽ സ്ലാബ് മൂടണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. ഇത് സംബന്ധിച്ചു അടിയന്തര നടപടി ആവശ്യപെട്ട് മുൻ എം.എൽ.എക്ക് നിരവധി തവണ നിവേദനം നല്കിയിരുന്നെങ്കിലും നടപടി ആയില്ല.

ശ്രദ്ധിക്കാൻ ഇനിയെന്ത് വേണം..

മഴക്കാല പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാലതാമസം വരുത്താതെ സ്ളാബ് നിർമ്മിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാലോട്ട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരം നടത്തി. പരിസരവാസികൾ എം.എൽ.എക്ക് നിവേദനം നൽകിയതിനെ തുടർന്ന് എം.എൽ.എ കെ.വി സുമേഷ്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. നടപ്പാത യാത്രായോഗ്യമാക്കുന്നതിന് വേണ്ട നടപടി എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.