
കണ്ണൂർ: എം.എസ് ഗോൾവാൾക്കർക്കെതിരെ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കേസ് ഒക്ടോബർ 19ലേക്ക് മാറ്റി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ ആർ.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ഫയൽ ചെയ്ത കേസിലാണ് ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നത്.
വി.ഡി. സതീശനുവേണ്ടി ഹാജരായ അഡ്വ. അനൂപ് വി.നായരാണ് കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകിയത്. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗം ഗോൾവാൾക്കറുടെ പുസ്തകത്തിലേതിന് സമാനമാണെന്നായിരുന്നു സതീശന്റെ പ്രസ്താവന. ഒരിടത്തും ഗോൾവാൾക്കർ ഇത്തരം പരാമർശം നടത്തിയിട്ടില്ലെന്നിരിക്കെ പ്രസ്താവന ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്താനുളളതാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുമായിരുന്നു ബാലറാമിന്റെ പരാതിയിലെ ആവശ്യം.
ഇതിനിടെ വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരായ കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുളളക്കുട്ടിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഇ.ആർ. വിനോദും കോടതിയിൽ ഹരജി നൽകി. ഇരുഹരജികളും ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കാൻ ഒക്ടോബർ 19ലേക്ക് മാറ്റി.