ആലക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും ഉദയഗിരി മേഖലയിൽ വൻ നാശനഷ്ടം. അരിവിളഞ്ഞപൊയിലിലെ ചുനയംമാക്കൽ ഷാജിയുടെ മണ്ണാത്തിക്കുണ്ടിലുള്ള ഒരേക്കർ സ്ഥലത്തെ കൃഷി ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നശിച്ചു. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന 60 റബ്ബർ മരങ്ങൾ ചെളിയും കല്ലുകളും ഒഴുകിവന്ന് നശിച്ചു.
തെങ്ങ്, കവുങ്ങ് തുടങ്ങിയവയും മലവെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് നശിച്ചതായി ഷാജി ലൂക്കോസ് പറഞ്ഞു. അരിവിളഞ്ഞപൊയിൽ ടൗണിനടുത്താണ് ഷാജി ലൂക്കോസ് താമസിക്കുന്നത്. ഇവിടെ നിന്ന് രണ്ടര കി. മീറ്റർ ദൂരെയാണ് ഉരുൾപൊട്ടലുണ്ടായ സ്ഥലം. സ്ഥിരമായി കനത്ത മഴപെയ്യുന്നതിനാൽ കൃഷിയിടത്തിലേയ്ക്ക് ഒരാഴ്ച കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
ഉദയഗിരി കൃഷിഭവനിൽ വിവരമറിയിച്ചതിനെത്തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞയാഴ്ചയിലെ കനത്ത മഴയിൽ മാമ്പൊയിൽ റോഡിലേയ്ക്ക് പാറക്കൂട്ടം വീണ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി. മണക്കടവ് ചീക്കാട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രയത്നിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.