ചക്കരക്കൽ: കേരളത്തിന്റെ പൊതുസമൂഹത്തിൽ വികസനമെന്ന അജൻഡ കൊണ്ടുവന്ന അച്യുതമേനോന്റെ നാമം തമസ്‌കരിച്ച് ഒരു കേരള ചരിത്രം എഴുതാൻ ആര് ശ്രമിച്ചാലും നടക്കുകയില്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ.ഇസ്മയിൽ പറഞ്ഞു. സി.പി.ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെയും പാനേരിച്ചാൽ സി. അച്യുതമേനോൻ സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അച്യുതമേനോൻ അനുസ്മരണവും 'കേരള വികസന മാതൃക' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നാഴികകല്ലായ ഏത് വികസന പദ്ധതികളുടെയും ചരിത്രം പരിശോധിച്ചാൽ അച്യുതമേനോന്റെ പ്രതിഭാ സ്പർശം കാണാൻ സാധിക്കും. ആധുനിക വികസന നായകൻ എന്നതിനൊപ്പം രാഷ്ട്രീയ ധാർമ്മിക മൂല്യങ്ങൾ സ്വജീവിതത്തിൽ കൂടി ഉയർത്തി പിടിച്ച് ജീവിതാവസാനം വരെ ജീവിച്ച ഉത്തമ കമ്യൂണിസ്റ്റ് ആയിരുന്നു സി അച്യുതമേനോനെന്നും അദ്ദേഹം പറഞ്ഞു.മാമ്പ്രത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി.വിപിൻ ചന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സി.പി. ഷൈജൻ, ടി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.