
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾ ശരിവെച്ച് സി.പി.ഐ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എംപി. വിമർശനം മന്ത്രിമാരെ നിഷ്‌ക്രിയമാക്കാനല്ലെന്നും നേർവഴിക്ക് നയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മാണിക്കോത്ത് പ്രത്യേകം സജ്ജമാക്കിയ രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ വിശ്വസനീയമായ രാഷ്ട്രീയ ബദൽവന്നാൽ അത് ജനങ്ങൾ ഏറ്റെടുക്കും, 40 വർഷത്തേക്ക് ബി.ജെ.പി ഭരണമെന്ന് പ്രവചിക്കുന്നവർ ബി.ജെ.പി മുന്നണിയുടെ തകർച്ചയും കാണണം. ഏറ്റവും ഒടുവിൽ ബീഹാറിൽ നടന്നത് അത്തരമൊരു നഷ്ടമാണ്. കേരളവും തമിഴ്നാടും ബംഗാളും ഛത്തീസ്ഗഡും ഒക്കെ ബി.ജെ.പിയെ പരാജയപ്പെടുത്തിയ ഇടങ്ങളാണ്. എൽ.ഡി.എഫും ദേശീയതലത്തിൽ ശക്തിപ്പെടേണ്ടതുണ്ട്. അതിന്റെ വലിയ പ്രതീക്ഷ കേരളത്തിൽ നിന്നാണ് ഉയർന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന പാർട്ടി നേതാവ് പി.എ നായർ പതാക ഉയർത്തി. കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മോകേരി, ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.പി മുരളി എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ വി. രാജൻ രക്തസാക്ഷി പ്രമേയവും സി.പി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബങ്കളം പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
പടം:
സി.പി.ഐ കാസർകോട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മാണിക്കോത്തെ സരോജിനി അമ്മ നഗറിൽ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു