തളിപ്പറമ്പ്: തണൽ തപസ് ഡയാലിസിസ് സെന്റർ, എ.ബി.സി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ പുതിയ കെട്ടിടം പണിയുന്നു. കുപ്പം കപ്പണത്തട്ടിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 15ന് ഉച്ചയ്ക്ക് 1.30ന് ചിറവക്ക് മൊട്ടമ്മൽ രാജാസ് കൺവെൻഷൻ സെന്ററിൽ മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും.

കുപ്പത്ത് 40 സെന്റ് സ്ഥലത്ത് 2,000 സ്ക്വയർ ഫീറ്റിൽ മൂന്ന് ഫെയ്സുകളിലായാണ് പുതിയ കെട്ടിടം പണിയുന്നത്. ഒരു വർഷം കൊണ്ട് ഏഴാംമൈലിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് എ.ബി.സി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി അറിയിച്ചു. പത്ത് കോടി രൂപയാണ് ഇതിനായി എ.ബി.സി മാറ്റിവച്ചിരിക്കുന്നത്.

2013 മുതൽ ഏഴാംമൈൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തണൽ തപസ് ഡയാലിസിസ് സെന്റർ. നിർദ്ധനരായ നിരവധി രോഗികളാണ് സെന്ററിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്.

ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എ.ബി.സി ഗ്രൂപ്പ് എം.ഡിയും തണൽ തപസിന്റെ ചെയർമാനുമായ മുഹമ്മദ് മദനി സ്വാഗതം പറയും. പ്ലാനും സ്കെച്ചും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി. ഷീബ കൈമാറും. വാർത്താസമ്മേളനത്തിൽ കെ. ജുനൈദ്, സി. കരീം, കെ.എം. വത്സരാജ്, ഡാൻഡി റഫീഖ് തുടങ്ങിയവരും പങ്കെടുത്തു.