മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകളിൽ ഇഞ്ചോടിഞ്ച് മത്സരം. ഉരുവച്ചാൽ,​ കരേറ്റ,​ കുഴിക്കൽ,​ കയനി,​ പെരിഞ്ചേരി എന്നീ വാർഡുകളാണ് അവ.

നഗരസഭയിലെ മറ്റൊരു പ്രധാന ടൗണായ ഉരുവച്ചാൽ പതിനെഴാം വാർഡിൽയുവാക്കളുടെ പോരാട്ടമാണ്. ശക്തമായ മത്സരമാണ് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ നടന്നത്. ഇക്കുറി കുറച്ചു കൂടി കടുത്ത മത്സരമാണിവിടെ. 1165 വോട്ടർമാരാണ് ഇവിടെ. സി.പി.എമ്മിലെ കെകെ അഭിമന്യുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ കഴിഞ്ഞ തവണ ജെ.ഡി.യു മത്സരിച്ച സീറ്റ് ഇക്കുറി മുസ്ലീം ലീഗിലെ വി റമീസാണ് സ്ഥാനാർത്ഥി. ഒ.കെ വിനേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

എൽ ഡി എഫിൽ സി.പി.ഐ. കലാകാലങ്ങളായി വിജയിച്ചു വരുന്ന വാർഡാണ് കരേറ്റ. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയായ പി.പ്രസിന തന്നെ വീണ്ടും ജനവിധി തേടുന്നു. കെ.സി ഷിബിനയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിക്ക് കഴിഞ്ഞ തവണ രണ്ടാം സ്ഥാനം കിട്ടിയ വാർഡിൽ ശക്തമായ മത്സരമാണ് എൻ.ഡി.എ നടത്തുന്നത്. കെ. ബിന്ദുവാണ് ബി.ജെ.പി സ്ഥാനർത്ഥി. ആകെ വോട്ടർ -1178.

ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്ന 19 കുഴിക്കൽ വാർഡ് പിടിച്ചെടുക്കാൻ യു.ഡി.എഫ് ശക്തമായ മത്സരത്തിലാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവിലയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നിലവിലെ കൗൺസിലർ എം. ഷീബ തന്നെയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി. ഹരീന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ആകെ വോട്ടർമാർ: 1287.

പഴശ്ശി വില്ലേജിൽ കോൺഗ്രസ് വിജയിക്കാറുള്ള ഒരു വാർഡാണ് ഇരുപതാം വാർഡായ കയനി. ഇത്തവണ ഏറ്റവും മധികം വോട്ടർമാരുള്ള വാർഡിൽ 1362 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. കൗൺസിലറായ കെ. സുബൈദ മൂന്നാം തവണയും മത്സരിക്കുന്നു. ജനറൽ വാർഡായിട്ടും ടീച്ചറിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്. വാർഡ് പിടിച്ചെടുക്കാൻ സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത് യുവനേതാവായ എം. രഞ്ജിത്തിനേയാണ്. കഴിഞ്ഞ തവണ 70 വോട്ടിനാണ് കയനിയിൽ യു.ഡി.എഫ്. വിജയിച്ചത്. കെ. റിനേഷ് എൻ.ഡി.എ സ്ഥാനർത്ഥിയായും പി. ഫവാസ് എസ്.ഡി.പി.ഐയ്ക്ക് വേണ്ടിയും മത്സര രംഗത്തുണ്ട്.

ഇരുപത്തിയൊന്നാം വാർഡായ പെരിഞ്ചേരിയിലും ഇഞ്ചോടിഞ്ച് മത്സരമാണ്. എൽ.ഡി.എഫിന് സ്വാധീനമുള്ള സ്ഥലമാണെങ്കിലും ശക്തമായ അടിയൊഴുക്ക് നടക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. മുൻ നഗരസഭാ ചെയർമാൻ ഭാസ്കരൻ ഉൾപ്പടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ട വാർഡാണിത്. വനിതാ വാർഡായ ഇവിടെ സി.പി.എമ്മിൽ നിന്നും കെ.ഒ പ്രസന്നയും കോൺഗ്രസിൽനിന്ന് മിനി രാമകൃഷ്ണനുമാണ്. ജനവിധി തേടുന്നത്. കെപി മിനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ആകെ വോട്ടർമാർ 846.