കണ്ണൂർ: ജില്ലയിൽ ഹരിത സമൃദ്ധി വാർഡ് എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പതിനാലാം പഞ്ചവൽസര പദ്ധതി മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഹരിത സമൃദ്ധി വാർഡുകൾ എന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തത്. ഹരിത ഭവനങ്ങൾ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലൂടെയാവും ഹരിത സമൃദ്ധി വാർഡുകൾ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുക. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ്ജ സംരക്ഷണം, തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹ്യ - സന്നദ്ധ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി .

പദ്ധതി നടപ്പിലാക്കുന്ന വാർഡുകളിലെ വീടുകളിൽ വിഷരഹിത പച്ചക്കറി

കൃഷിയും, കറിവേപ്പില, മുരിങ്ങ, അഗസ്തി ചീര, നാടൻ ചീര തുടങ്ങി ഏതെങ്കിലും ഇലക്കറി കൃഷിയും നട്ടുവളർത്തുന്നതിന് സംവിധാനം ഉണ്ടാക്കും.

വാർഡിലെ എല്ലാ വീടുകളിലും ഏതെങ്കിലും ഒരു ജൈവ വള നിർമ്മാണ സംവിധാനം ഉണ്ടാവണമെന്നും നിഷ്കർഷിക്കുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ്, റിംഗ് കമ്പോസ്റ്റ്, കമ്പോസ്റ്റ് കുഴി, ചാണക വളക്കുഴി, തുടങ്ങിയവയിലേതെങ്കിലും ഒന്ന് ഓരോ വീട്ടിലും വേണം. അതായത് ഒരു വീട്ടിലെ അടുക്കളമാലിന്യം, പറമ്പുകളിൽ വീഴുന്ന ഇല തുടങ്ങിയവ ആ വീട്ടിൽ തന്നെ വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കുന്ന വാർഡാണ് ഹരിത സമൃദ്ധി വാർഡ്. ജില്ലയിൽ 10 പഞ്ചായത്തുകളിൽ ഹരിത സമൃദ്ധി വാർഡ് പദ്ധതി പ്രവർത്തനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

വീടുകളിലെ അജൈവ മാലിന്യം ഹരിത കർമ്മസേനക്ക് കൈമാറണം

എല്ലാ വീടുകളിലും മലിനജലം ശേഖരിക്കാൻ സോക്ക് പിറ്റുകൾ

മഴവെള്ളം ശേഖരിക്കാനും സംവിധാനം

മഴവെള്ള സംഭരണത്തിന് പറമ്പുകൾ തട്ട് തിരിക്കണം

കിണർ റീച്ചാർജ്ജ്, അല്ലെങ്കിൽ പിറ്റ് റീച്ചാർജ് ഒന്ന് ഏർപ്പെടുത്തും

ഫിലമെന്റ് രഹിത വാർഡായി സമൃദ്ധി വാർഡ് മാറും
കച്ചവട കേന്ദ്രങ്ങൾ ടൗണുകൾ എന്നിവിടങ്ങളിൽ പൂന്തോട്ടങ്ങൾ

ഹരിത സമൃദ്ധി വാർഡ് പ്രവർത്തനം ആരംഭിച്ച പഞ്ചായത്തുകളും വാർഡുകളും

1. കുറ്റ്യാട്ടൂർ - വാർഡുകൾ -1,3,4,8,13,15

2. കണ്ണപുരം 6,7,14,8,5,13,11

3. കൂത്തുപറമ്പ് നഗരസഭ. 11,12,13,16,17

4. തലശേരി നഗരസഭ 12,45

5. കൂടാളി 16,2,17,5,14,11,8

6. ചെറുകുന്ന് - 3,4,5,7,8,10

7. മൊകേരി 2,4

8. എരഞ്ഞോളി 3

9. അഞ്ചരക്കണ്ടി 7,14

10. വേങ്ങാട് 9,17